കടലുണ്ടിയെ മറക്കുന്ന ചിറകടിയൊച്ചകള്‍

#കെ. ശ്രുതി
കടലുണ്ടിയില്‍എത്തിയിരുന്ന ദേശാടനപ്പക്ഷികള്‍ (ഫയല്‍ചിത്രം) | Photo: mathrubhumi archives
കടലുണ്ടിയില്‍എത്തിയിരുന്ന ദേശാടനപ്പക്ഷികള്‍ (ഫയല്‍ചിത്രം) | Photo: mathrubhumi archives

കോഴിക്കോട്: കടലുണ്ടി പക്ഷിസങ്കേതത്തിലേക്ക് വരുന്ന ദേശാടനപ്പക്ഷികളുടെ എണ്ണത്തില്‍ വലിയകുറവെന്ന് കണക്കുകള്‍. ഒരുകാലത്ത് ദേശാടനപ്പക്ഷികളുടെ പറുദീസയായിരുന്നു കടലുണ്ടി. എന്നാല്‍, ഇപ്പോള്‍ കടലുണ്ടിയുടെപേരില്‍ അറിയപ്പെടുന്ന 'കടലുണ്ടി ആള'യെപ്പോലും വളരെ അപൂര്‍വമായിട്ടാണ് കാണുന്നത്. വിരുന്നെത്തിയ പക്ഷിക്കൂട്ടങ്ങളുടെ ദൃശ്യങ്ങള്‍ പക്ഷിസ്‌നേഹികളെയും നിരീക്ഷകരെയും എന്നും വിസ്മയിപ്പിച്ചിരുന്നു. ദേശാടനപ്പക്ഷികള്‍ കൂടുതലായെത്തുന്ന കടലുണ്ടി കമ്യൂണിറ്റി റിസര്‍വില്‍ 1986-ല്‍ 500-ലധികംവരുന്ന 'കടലുണ്ടി ആള'ക്കൂട്ടങ്ങളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞവര്‍ഷം എട്ട് ആളകളുടെ കൂട്ടമാണ് കടലുണ്ടിയില്‍ രേഖപ്പെടുത്തിയ വലിയകൂട്ടമെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു. ഇതിന്റെ വലിയകൂട്ടത്തെ കടലുണ്ടിയില്‍ കണ്ടപ്പോള്‍ പക്ഷിനിരീക്ഷകനായ ഇന്ദുചൂഡനാണ് കടലുണ്ടി ആള എന്ന് വിശേഷിപ്പിച്ചത്.

കടലുണ്ടിയുടെ ചതുപ്പില്‍ ഇരതേടി നടന്നിരുന്ന 'കരണ്ടിക്കൊക്കന്‍' അങ്ങകലെയുള്ള സൈബീരിയയില്‍നിന്ന് പറന്നെത്തുന്നവരാണ്. ചതുപ്പിലെ തുരുത്തിലിരുന്ന് വെയില്‍കായാറുള്ള 'വരവാല്‍ ഗോഡ് വിറ്റ്' യൂറോപ്പില്‍നിന്ന് വിരുന്നുവന്നവരായിരുന്നു. യൂറോപ്പില്‍നിന്ന് എത്തിയ ആവോസെറ്റ് കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതും കടലുണ്ടിയിലാണ്. എന്നാല്‍, ഇവയൊന്നും ഇപ്പോള്‍ എത്തുന്നില്ല.

അഴിമുഖം നിറഞ്ഞ് മണല്‍ത്തിട്ടകള്‍

പ്രധാനമായും പക്ഷികളുടെ വരവ് കുറയാന്‍ കാരണം അഴിമുഖത്ത് മണല്‍ത്തിട്ടകള്‍ അടിഞ്ഞുകൂടുന്നതാണ്. വര്‍ഷങ്ങളായി അഴിമുഖത്ത് അടിഞ്ഞുകൂടുന്ന മണല്‍, തിട്ടയായി രൂപപ്പെടുന്നു. 2002-ല്‍ വെറും 1.81 ഹെക്ടര്‍ വിസ്തീര്‍ണംമാത്രമുണ്ടായിരുന്ന മണല്‍ത്തിട്ട 2019 ആയപ്പോള്‍ 18.81 ഹെക്ടര്‍ വിസ്തീര്‍ണമായി. അഴിമുഖത്തിന്റെ സങ്കോചാവസ്ഥ മത്സ്യങ്ങളെയും മറ്റുജീവികളെയും ബാധിക്കുന്നു. ഇതിനാല്‍ ദേശാടനപ്പക്ഷികളുടെ ഭക്ഷണസാധ്യത ഇല്ലാതാവുകയും ചെയ്യുന്നു. ഇതുമൂലം തീരദേശപ്പക്ഷികളുടെ വരവ് കുറഞ്ഞു.

മണലെടുക്കുന്നതിനുള്ള പഠനങ്ങള്‍ നടത്തിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ലെന്ന് തോണിത്തൊഴിലാളികള്‍ പറഞ്ഞു. ഇതുകൂടാതെ മാലിന്യം കണ്ടല്‍ക്കാട്ടില്‍ ഉപേക്ഷിക്കുന്നതും പ്ലാസ്റ്റിക് മാലിന്യവും വലിയൊരു ഭീഷണിയാണ്. കാലാവസ്ഥ പ്രതിസന്ധിയും ടൂറിസം വികസനവും പക്ഷികളുടെ എണ്ണത്തില്‍ കുറവുവന്നതിന്റെ മറ്റുകാരണങ്ങളാണ്. 'ടൂറിസത്തിന് പ്രാധാന്യംകൊടുക്കുമ്പോള്‍ പ്രകൃതിക്ക് വരുന്ന മാറ്റങ്ങളെക്കുറിച്ചും ബോധവാന്മാരാകണം. ഇത്തരംകാര്യം പഠനവിധേയമാക്കണം' -പക്ഷിനിരീക്ഷകന്‍ വിജേഷ് വള്ളിക്കുന്ന് പറഞ്ഞു.

Content Highlights: Kadalundi bird sanctuary witnesses a sharp decline in migratory bird population