മകൾ IAS-കാരി ആകുന്നതുകാണാൻ ആഗ്രഹിച്ചു, ആയത് മന്ത്രി;സത്യപ്രതിജ്ഞകണ്ട് ആനന്ദക്കണ്ണീരുമായി അമ്മിണിയമ്മ

കൊണ്ടാഴി: സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആവേശവും ആരവവുമൊന്നും സൗത്ത് കൊണ്ടാഴിയിലെ മന്ത്രി കെ.എ. തുളസിയുടെ കണ്ണോളിൽ വീട്ടിലുണ്ടായിരുന്നില്ല. മകളുടെ സത്യപ്രതിജ്ഞ ഒറ്റയ്ക്ക് വീട്ടിലെ ടെലിവിഷനിൽ കാണുമ്പോൾ 75-കാരി അമ്മ അമ്മിണിയുടെ കണ്ണുനിറഞ്ഞു.
സത്യപ്രതിജ്ഞചെയ്യാൻ പോകുന്നതിനു മുൻപ് മരുമകൻ പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠനോടൊപ്പം കെ.എ. തുളസി അനുഗ്രഹംവാങ്ങാൻ വീട്ടിൽ വന്നിരുന്നു. കൂടെപ്പോരാൻ വിളിക്കുകയും ചെയ്തു. ആഗ്രഹമുണ്ടായിരുന്നെങ്കിലും അവശതമൂലം വേണ്ടെന്നുവച്ചു. തുളസിയുടെ സൗത്ത് കൊണ്ടാഴിയിലെ അനുജത്തി അധ്യാപികയായ പ്രസീദയും കുടുംബവും സത്യപ്രതിജ്ഞ കാണാൻ തിരുവനന്തപുരത്ത് പോയിരുന്നു.
പഠനത്തിൽ മിടുക്കിയായായിരുന്ന തുളസിയ്ക്ക് ഐ.എ.എസാകണമെന്നായിരുന്നു ആഗ്രഹം. തിരുവനന്തപുരത്ത് സഹോദരൻ കൃഷ്ണകുമാറിന്റെ കൂടെ നിന്നായിരുന്നു പഠനം.
''തുളസി മന്ത്രിയാകുന്നതു കാണാൻ എന്റെ ചേച്ചിയും അനുജത്തിയും ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്തതാണ് സങ്കടം. മക്കളുടെ വളർച്ചയിലെ എല്ലാ ഘട്ടങ്ങളിലും അവരായിരുന്നു കൂടെയുണ്ടായിരുന്നത്. വീടിനു സമീപത്തെ മാതാ എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായിരുന്ന എനിക്ക് മക്കളുടെ കാര്യങ്ങൾക്ക് കൂടെപ്പോകാൻ കഴിഞ്ഞിരുന്നില്ല. എന്താവശ്യത്തിനും കൂടെപ്പോയിരുന്നത് അവരായിരുന്നെ''ന്നും അമ്മ ഓർക്കുന്നു.
കോൺഗ്രസ് പ്രവർത്തകനായിരുന്ന പരേതനായ കെ.കെ. അയ്യപ്പനാണ് തുളസിയുടെ അച്ഛൻ. നാട്ടിൽ നടന്ന കോൺഗ്രസിന്റെ ഒരു പാർട്ടിയോഗത്തിൽ പങ്കെടുത്തതാണ് തുളസിയുടെ രാഷ്ട്രീയജീവിതത്തിൽ വഴിത്തിരിവായത്.
അന്നത്തെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഇ. വേണുഗോപാലമേനോന്റെ നിർദേശപ്രകാരം പ്രദേശികനേതാക്കളോടൊപ്പം പൊതുപ്രവർത്തനമേഖലയിൽ സജീവമായി.
2000-ൽ നടന്ന ജില്ലാ പഞ്ചായത്തുതിരഞ്ഞെടുപ്പിൽ ഇ. വേണുഗോപാലമേനോന്റെ ചേലക്കര ഡിവിഷനിൽനിന്ന് മത്സരിക്കുകയും ജയിക്കുകയും ചെയ്തതോടെ രാഷ്ട്രീയത്തിൽ കെ.എ. തുളസിയുടെ ഗ്രാഫ് ഉയർന്നു. 2001-ലും 2016-ലും ചേലക്കര നിയോജകമണ്ഡലത്തിൽനിന്ന് നിയമസഭയിലേക്കും 2004-ൽ ഒറ്റപ്പാലം പാർലമെന്റ് മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
നെന്മാറ എൻ.എസ്.എസ്. കോളേജ് ചരിത്രവിഭാഗം മേധാവിയായി പ്രവർത്തിക്കുന്നതിനിടയിലും രാഷ്ട്രീയത്തിൽ പ്രവർത്തനം തുടർന്നു. കെ.പി.സി.സി. ജനറൽസെക്രട്ടറിയായി പ്രവർത്തിക്കുന്നതിനിടയിലാണ് 2026-ൽ മണ്ഡലം രൂപവത്കരിച്ചതുമുതൽ ഇടതുപക്ഷം മാത്രം ജയിക്കുന്ന പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തിൽ മത്സരിക്കുന്നതും ജയിക്കുന്നതും മന്ത്രിയാകുന്നതും.
Content Highlights: K.A. Thulasi's transition from academic excellence to political leadership., The emotional support of her mother, Ammini, during her oath-taking ceremony., Overcoming multiple electoral setbacks to win the Kongad constituency in 2026., Influence of late father K.K. Ayyappan and mentor E. Venugopala Menon on her career.