സുധാകരന്റെ വീട്ടിൽ കെ.സി.-കെ.എസ്. അനുകൂലികളുടെ രഹസ്യ ഗ്രൂപ്പ് യോഗം, മാധ്യമങ്ങളെ കണ്ടതോടെ പിൻവലിഞ്ഞു

കണ്ണൂർ: കണ്ണൂരിൽ കെ. സുധാകരന്റെ വീട്ടിൽ കെ.സി. വേണുഗോപാൽ - കെ.സുധാകരൻ അനുകൂലികളുടെ രഹസ്യ ഗ്രൂപ്പ് യോഗത്തിന് ശ്രമം. വിവരമറിഞ്ഞ് മാധ്യമപ്രവർത്തകർ എത്തിയതോടെ ഗ്രൂപ്പ് യോഗം മാറ്റിവെച്ച് നേതാക്കൾ മടങ്ങി.
കെ. സുധാകരൻ അനുകൂലികളും ജില്ലയിലെ കെ.സി. വേണുഗോപാൽ അനുകൂലികളും ചേർന്ന യോഗമാണ് വിളിക്കാൻ ശ്രമിച്ചത്. മുൻ ഡിസിസി ഭാരവാഹികൾ, കെപിസിസി ഭാരവാഹികൾ, കെഎസ്യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന ഭാരവാഹികൾ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. നിശ്ചയിച്ച പ്രകാരം സുധാകരന്റെ വീട്ടിൽ നേതാക്കൾ എത്തുകയും ചെയ്തിരുന്നു.
എന്നാൽ വിവരമറിഞ്ഞ് മാധ്യമങ്ങൾ സ്ഥലത്തെത്തിയതോടെ യോഗം മാറ്റിവെച്ചു നേതാക്കൾ പോകുന്ന സാഹചര്യം ഉണ്ടായി. 'കെ. സുധാകരനെ കാണാൻ വേണ്ടി വന്നതാണ്. സാധാരണ രീതിയിൽ കാണാൻ വരുന്ന പോലെ കാണാൻ വന്നതാണ്'- എന്ന് യോഗത്തിനെത്തി മടങ്ങിയവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന പക്ഷക്കാരനാണ് കെ. സുധാകരൻ. നേരത്തെ ഇക്കാര്യം ഫേയ്സ്ബുക്കിൽ പരസ്യമായിത്തന്നെ പറയുകയും ചെയ്തിരുന്നു. ഡൽഹിയിൽ മുഖ്യമന്ത്രി ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് കെ. സുധാകരൻ തന്റെ വീട്ടിൽ വെച്ച് അനുയായികളുടെ യോഗം വിളിച്ചു ചേർത്തത് എന്നതും ശ്രദ്ധേയമാണ്.
Content Highlights: Secret group meeting attempted at K. Sudhakaran's Kannur residence., Meeting involved supporters of K. Sudhakaran and KC Venugopal., Event aborted following the arrival of media personnel., K. Sudhakaran has publicly supported KC Venugopal for the CM post., Timing coincides with critical CM leadership discussions in Delhi.