'പാർട്ടിക്ക് ബാങ്കുമായി ഇടപാടുകളില്ലെന്ന് ED-ക്ക് ബോധ്യമായി, ഇനിയും ചോദ്യംചെയ്യലിന് ഹാജരാകാൻ തയ്യാർ'

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് - ചിത്രം: മനീഷ് ചേമഞ്ചേരി, മാതൃഭൂമി | കെ. രാധാകൃഷ്ണൻ എംപി (ഫയൽചിത്രം)
കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് - ചിത്രം: മനീഷ് ചേമഞ്ചേരി, മാതൃഭൂമി | കെ. രാധാകൃഷ്ണൻ എംപി (ഫയൽചിത്രം)

കൊച്ചി: കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ബാങ്കുമായി ഇടപാടുകളില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബോധ്യമായതായി കെ. രാധാകൃഷ്ണന്‍ എംപി. ചോദ്യംചെയ്യലിന് ശേഷം കൊച്ചിയില്‍ ഇഡി ഓഫീസിനുമുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി. ചോദ്യംചെയ്യലിനായി വിളിപ്പിച്ചാല്‍ ഇനിയും ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 

കരുവന്നൂര്‍ കേസില്‍ ഞാന്‍ പ്രതിയാണ് എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്, അതൊന്നുമല്ലല്ലോ സത്യം. ഈ പ്രശ്‌നം നടന്ന കാലയളവില്‍, രണ്ടുമാസത്തോളം ഞാന്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു. അതുകൊണ്ടാണ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഇഡി എന്നെ വിളിപ്പിച്ചത്. അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ട് - എംപി പറഞ്ഞു.  

പാര്‍ട്ടിക്ക് ബാങ്കുമായി ഇടപാടുകളില്ല എന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് ബോധ്യംവന്നിട്ടുണ്ട്. എന്നെ സംബന്ധിച്ച എല്ലാ വിവരങ്ങളും നേരത്തേ തന്നെ ഇഡിക്ക് കൈമാറിയിരുന്നു. ഇനിയും വിളിപ്പിച്ചാല്‍ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ തയ്യാറാണ്, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കരുവന്നൂര്‍ കേസ് അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് ഇഡി കെ. രാധാകൃഷ്ണന്‍ എംപിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. 

Content Highlights: k radhakrishnan mp meets ed for questioning in karuvannur bank scam