ജന്മഭൂമി റെസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കെ. കുഞ്ഞിക്കണ്ണന്‍
കെ. കുഞ്ഞിക്കണ്ണന്‍

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് ജന്മഭൂമി ഓഫീസിലും പ്രസ് ക്ലബ്ബിലും തുടർന്ന് തിരുമലയിലെ എവിആർഎ ബി4 വടകര നഗറിലെ വീട്ടിലും പൊതുദർശനം നടക്കും. വൈകിട്ട് നാലിന് ശാന്തികവാടത്തിലാണ് സംസ്കാരം.

അരനൂറ്റാണ്ടിലേറെക്കാലമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം 1977 മുതൽ ജന്മഭൂമിയിൽ പ്രവർത്തിച്ചുവരികയായിരുന്നു. രാഷ്ട്രീയലേഖകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലും പ്രശസ്തനായ കുഞ്ഞിക്കണ്ണൻ ബിജെപി സംസ്ഥാന സമിതി അംഗമാണ്. പേരാവൂർ, കണ്ണൂർ നിയോജകമണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. 

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റിന്റെ ചെയർമാൻ, കണ്ണൂർ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി, ഫിലിം സെൻസർ ബോർഡ് അംഗം, ടെലികോം അഡൈ്വസറി ബോർഡ് അംഗം, പത്രപ്രവർത്തക അക്രഡിറ്റേഷൻ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചു. 

പരേതയായ പ്രേമജയാണ് ഭാര്യ. മക്കൾ പ്രകുല (ഏഷ്യാനെറ്റ് ന്യൂസ്), മഞ്ജില. മരുമകൻ രതീഷ് അനിരുദ്ധൻ (മാതൃഭൂമി ന്യൂസ്). പേരമക്കൾ ഗൗതമി, ബാലാമണി.

Content Highlights: Senior journalist and Janmabhumi Resident Editor K Kunjikannan passed away at the age of 74 in Thiruvananthapuram., He was associated with Janmabhumi since its inception in 1977 and served extensively in journalism and politics., He held notable positions including Yuva Morcha State President and Kerala Union of Working Journalists (KUWJ) Vice President., Authored several books including 'KG Marar Rashtriyathile Snehasagaram' and 'Maranikkunna Bheekaratha'.