മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ് ഗ്രൂപ്പ് വിവാദം: കെ. ഗോപാലകൃഷ്ണനെതിരേ കേസെടുത്തേക്കില്ല

#ആർ.അനന്തകൃഷ്ണൻ /മാതൃഭൂമി ന്യൂസ്
കെ.ഗോപാലകൃഷ്ണൻ ഐ.എ.എസ്. | Photo: Screengrab
കെ.ഗോപാലകൃഷ്ണൻ ഐ.എ.എസ്. | Photo: Screengrab

തിരുവനന്തപുരം: മതാടിസ്ഥാനത്തിലുള്ള വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കിയ വിവാദത്തില്‍ കെ.ഗോപാലകൃഷ്ണനെതിരേ കേസെടുത്തേക്കില്ല. നിലവിലെ അന്വേഷണം അവസാനിച്ചു. അതേസമയം മതാടിസ്ഥാനത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയതും അത് ഡിലീറ്റ് ചെയ്തതും അതിനെ മറികടക്കാന്‍ മറ്റൊരു മതത്തിന്റെ ഗ്രൂപ്പ് ഉണ്ടാക്കിയതും കെ. ഗോപാലകൃഷണന്‍ തന്നെയാണെന്ന് തെളിയുകയും ചെയ്തു.

പോലീസിന്റെ അന്വേഷണം നടന്നത് കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിന്റെ പരാതിയിലായിരുന്നു. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും മറ്റാരോ വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നും മല്ലു ഹിന്ദു ഗ്രൂപ്പ് മാത്രമല്ല മുസ്ലിം  ഗ്രൂപ്പ് ഉണ്ടെന്നും മറ്റുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാതി. ആ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ അന്വേഷണം. വിശദമായ അന്വേഷണത്തില്‍ കെ. ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി.

മറ്റ് ഐ.പി. അഡ്രസ്സുകളൊന്നും കണ്ടെത്താനാവാത്തതു കൊണ്ട് തന്നെ ബാഹ്യമായ ഇടപെടല്‍ നടന്നിട്ടില്ലെന്ന് പോലീസ് വിലയിരുത്തി. ഫോറന്‍സിക് പരിശോധനയിലും അത് സ്ഥിരീകരിച്ചു. ഗോപാലകൃഷ്ണന്‍ തന്നെയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത് എന്ന് തെളിയിക്കുകയാണ് പോലീസ് ചെയ്തത്. അതിനാല്‍ തന്നെ ഗോപാലകൃഷ്ണന്‍ നല്‍കിയത് വ്യാജ പരാതിയായി കണക്കാക്കേണ്ടിവരും.

അതുകൊണ്ട്  ഗോപാലകൃഷ്ണൻ നൽകിയ പരാതിയില്‍ കേസെടുക്കാന്‍ സാധ്യതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മറ്റേതെങ്കിലും പരാതിയോ ഹര്‍ജിയോ നല്‍കുന്ന പക്ഷം കേസെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നാണ് പോലീസിന്റെ നിലപാട്. വ്യാജപരാതി നല്‍കിയതിനോ തെറ്റിദ്ധരിപ്പിച്ചതിനോ കേസെടുത്തു കൊണ്ടോ പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണം ഉണ്ടാകില്ല.

Content Highlights: K. Gopalakrishnan`s WhatsApp Group Controversy: No Case Filed