ജി.സി.ഡി.എ. ചെയർമാനായി കെ. ബാബുവിനെ പരിഗണിക്കാൻ കോൺഗ്രസ്; അനുകൂലിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ

കൊച്ചി: വിശാല കൊച്ചി വികസന അതോറിറ്റിയുടെ (ജി.സി.ഡി.എ) ചെയർമാൻ സ്ഥാനത്തേക്ക് മുൻ മന്ത്രി കെ. ബാബുവിനെ നിയമിച്ചേക്കും. കോൺഗ്രസ് നേതൃത്വം ഇക്കാര്യം തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. മറ്റ് ബോർഡ്-കോർപ്പറേഷൻ ചർച്ചകളുമായി ബന്ധപ്പെട്ടു വരുന്ന നിർദേശങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ജി.സി.ഡി.എ. ചെയർമാന്റെ പ്രഖ്യാപനം ഉണ്ടാവും.
ജി.സി.ഡി.എ. ചെയർമാൻ സ്ഥാനത്തേക്ക് ഇക്കുറി മുസ്ലിം ലീഗിൽനിന്നും സമ്മർദമുണ്ടായിരുന്നു. കോൺഗ്രസിൽതന്നെ ചില മുതിർന്ന നേതാക്കൾ ജി.സി.ഡി.എ. ചെയർമാൻ സ്ഥാനം ലക്ഷ്യംവെച്ചിരുന്നു. എന്നാൽ കെ. ബാബുവിനെ പരിഗണിക്കുന്നതിലേക്കാണ് അനൗപചാരിക ചർച്ചകളിലൂടെ നേതൃത്വം എത്തിയിരിക്കുന്നത്.
ജില്ലയിലെ തലമുതിർന്ന നേതാവായ, മുൻമന്ത്രി കെ. ബാബു, നിയമസഭാ തിരഞ്ഞെടുപ്പിൽ ജയസാധ്യത ഉണ്ടായിരുന്നിട്ടും, വീണ്ടും മത്സരിക്കാനില്ലെന്ന് ആദ്യമേതന്നെ നിലപാട് സ്വീകരിച്ചതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അർഹമായ പരിഗണന നൽകേണ്ടത് ഉത്തരവാദിത്വമായി കണ്ടാണ് പാർട്ടി നേതൃത്വം ജി.സി.ഡി.എ. ചെയർമാൻ സ്ഥാനത്തേക്ക് ആലോചിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി വി.ഡി. സതീശനും ജില്ലയിൽനിന്നുള്ള എം.പി.മാരും എം.എൽ.എ.മാരുമെല്ലാം ബാബുവിന് ചെയർമാൻ സ്ഥാനം നൽകുന്നതിനെ അനുകൂലിക്കുന്നുണ്ട്. ഇതിനിടെ എ. വിഭാഗത്തിലെ ചില എം.എൽ.എ.മാർ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്ന പ്രചാരണവും ഉണ്ടായി. എന്നാൽ, അത്തരം സമ്മർദതന്ത്രങ്ങളൊന്നും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് എം.എൽ.എ.മാർ പരസ്യമായിതന്നെ നിഷേധിച്ചു. എന്നിരുന്നാലും ചെയർമാൻ സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്ന ആൾ കെ. ബാബുവാണെന്ന കാര്യത്തിൽ ഇവർക്ക് തർക്കമില്ല. അത് നേതൃത്വം അംഗീകരിക്കുമെന്നതിനാൽ സമ്മർദത്തിന്റെ ആവശ്യമില്ലെന്നാണ് എ. വിഭാഗം എം.എൽ.എ.മാർ പറയുന്നത്.
ആറുമാസമായി ജി.സി.ഡി.എ. ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഇത് അതോറിറ്റിയിൽ ഭരണപ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
Content Highlights: The Congress leadership has given in-principle approval to appoint senior leader and former minister K Babu as the next GCDA chairman, a decision backed by CM V.D. Satheesan and local MPs after a six-month vacancy.