കേരളത്തിലെ വന്ദേഭാരത് ഉദ്ഘാടന യാത്രയിലും ജ്യോതി മല്‍ഹോത്ര; വി. മുരളീധരനൊപ്പം യാത്രചെയ്തു | വീഡിയോ

കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരനൊപ്പം ജ്യോതി മല്‍ഹോത്ര | Photo: Screengrab/ youtube.com/@TravelwithJo
കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരനൊപ്പം ജ്യോതി മല്‍ഹോത്ര | Photo: Screengrab/ youtube.com/@TravelwithJo

തിരുവനന്തപുരം: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിനും കേരളത്തിലെത്തി. വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയില്‍ ജ്യോതി മല്‍ഹോത്ര പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

2023-ല്‍ വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ ഇവര്‍ കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് യാത്രചെയ്തതായാണ് റിപ്പോര്‍ട്ട്. ഉദ്ഘാടനയാത്രയില്‍ അന്നത്തെ കേന്ദ്ര മന്ത്രി വി. മുരളീധരനും ഉണ്ടായിരുന്നു. വി. മുരളീധരനോട് ജ്യോതി പ്രതികരണം തേടുന്നതും ദൃശ്യങ്ങളിലുണ്ട്.

നേരത്തേ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ടൂറിസം വകുപ്പിന്റെ പ്രമോഷനായിട്ടാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതെന്ന് വ്യക്തമാകുന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സർമാരെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ടായിരുന്നു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്റെ ചെലവില്‍ യാത്രചെയ്തതെന്നാണ് വ്യക്തമാകുന്നത്.

ജ്യോതി മല്‍ഹോത്രയെ ടൂറിസം വകുപ്പിന്‍റെ പ്രമോഷനുവേണ്ടി ക്ഷണിച്ചുവരുത്തിയ സംഭവത്തിൽ ബിജെപി നേതാവ് കെ. സുരേന്ദ്രനാണ് സംസ്ഥാന സർക്കാരിനെതിരേ ആദ്യം വിമർശനം ഉന്നയിച്ചിരുന്നത്. പിന്നീട് വിഷയം ബിജെപി ദേശീയ വക്താവ് അടക്കം ഏറ്റെടുക്കുകയും സംസ്ഥാന സർക്കാരിനും മന്ത്രി മുഹമ്മദ് റിയാസിനും എതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിൽ അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം പങ്കെടുത്തിരുന്നെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.

Content Highlights: Vlogger Jyoti Malhotra, arrested for espionage, was spotted on the inaugural Vande Bharat Express