എൻജിഒകൾ പരാന്നഭോജികളല്ല, സമൂഹത്തിന്റെ അനിവാര്യ ഘടകം-ജസ്റ്റിസ് കെ.ചന്ദ്രു

എൻജിഒകൾ പരാന്നഭോജികളല്ലെന്നും സമൂഹത്തിന്റെ അനിവാര്യ ഘടകമാണെന്നും മദ്രാസ് ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് കെ.ചന്ദ്രു. എം.പി വീരേന്ദ്രകുമാർ അനുസ്മരണ ദിനത്തിൽ കോഴിക്കോട്ട് നാഷണൽ തോട്ട് ലീഡർഷിപ്പ് പുരസ്കാരം സാമൂഹിക പ്രവർത്തക സുനിത കൃഷ്ണന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവാർഡ് ദാന ചടങ്ങിൽ കെ.ചന്ദ്രു സംസാരിച്ചതിന്റെ പൂർണരൂപം വായിക്കാം.
ഭരണഘടനയ്ക്കുമുമ്പ് തന്നെ സാമൂഹിക പരിഷ്കാരങ്ങളും പ്രസ്ഥാനങ്ങളും സർക്കാർ സംവിധാനങ്ങളിൽ നിന്നല്ല, സ്വമേധയാ പ്രവർത്തിച്ച സംഘടനകളിൽ നിന്നാണ് ഉണ്ടായത്. അതുകൊണ്ട് എൻജിഒകളുടെ നല്ല പ്രവർത്തനങ്ങളെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും വേണം. ഇപ്പോൾ അവർക്കെതിരെ ഒരു പ്രതികാര മനോഭാവം സൃഷ്ടിക്കപ്പെടുന്നതായി തോന്നുന്നു. അടുത്തിടെ പാർലമെന്റിൽ എൻജിഒകളെ ബാധിക്കുന്ന നിയമഭേദഗതികൾ കൊണ്ടുവരാൻ ശ്രമമുണ്ടായി. എന്നാൽ പ്രതിപക്ഷത്തിന്റെയും സാമൂഹിക പ്രവർത്തകരുടെയും ശക്തമായ എതിർപ്പ് മൂലം അത് തടയപ്പെട്ടു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഗുണം ഒരു സർക്കാരിനും നിയന്ത്രണമില്ലാതെ പ്രവർത്തിക്കാൻ കഴിയില്ല എന്നതാണ്. 400 പ്ലസ് എന്ന് പറഞ്ഞവർക്ക് പോലും ആ ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല.
അതുകൊണ്ടാണ് എഫ്.സി.ആർ.എ നിയമഭേദഗതി തൽക്കാലം മുന്നോട്ടുപോകാതിരുന്നത്. സുനിത കൃഷ്ണൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ അവരെക്കുറിച്ച് കൂടുതൽ അറിയണമെന്ന ആഗ്രഹം ഉണ്ടാകും. ഇന്ത്യയിലെ എൻജിഒകളുടെ പങ്കിനെക്കുറിച്ച് മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും അതിവിശിഷ്ടമായ ഒരു ഗ്രന്ഥമാണ് അവരുടെ ആത്മകഥ.
എൻജിഒകൾ രാജ്യത്തിന്റെ വികസനത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. സുനിത കൃഷ്ണന്റെ ജീവിതം നോക്കിയാൽ എത്ര സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ചുവെന്ന് മനസ്സിലാക്കാൻ സാധിക്കും. ജഡ്ജിയായിരിക്കുമ്പോൾ മനുഷ്യക്കടത്തും ബാലവേലയും സംബന്ധിച്ച നിരവധി കേസുകൾ എന്റെ മുന്നിൽ വന്നിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും കോടതിയിലെത്തിച്ചത് എൻജിഒകളായിരുന്നു.
എൻജിഒകൾ പരാന്നഭോജികൾ അല്ല. അവർ സമൂഹത്തിന്റെ അനിവാര്യ ഘടകമാണ്. എന്നാൽ ചിലപ്പോൾ സാമൂഹിക പ്രവർത്തകരെ കോക്രോച്ചുകൾ എന്നും പരാസൈറ്റുകൾ എന്നും വിളിക്കുന്ന അവഹേളനപരമായ പരാമർശങ്ങൾ പോലും നമ്മൾ കേൾക്കാറുണ്ട്. ഇത് യാഥാർഥ്യങ്ങളെ മനസ്സിലാക്കാത്ത സമീപനമാണ്. ഇന്ന് എൻജിഒകൾ സമൂഹത്തിൽ അതീവ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്.
അവരുടെ സേവനമില്ലാതെ ഭരണഘടനയുടെ പല വാഗ്ദാനങ്ങളും യാഥാർഥ്യമാകില്ല. സുനിത കൃഷ്ണൻ സ്ഥാപിച്ച ''പ്രജ്വല'' എന്ന സംഘടനയെ എടുത്തുപറയാം. ''പ്രജ്വല'' എന്നത് ''നിത്യജ്വാല'' എന്നാണ് അർഥം. ആ ജ്വാല എന്നും തെളിഞ്ഞുനിൽക്കണം. മാതൃഭൂമി ഇന്ന് സുനിത കൃഷ്ണനെ ആദരിക്കുമ്പോൾ എനിക്ക് ഏറെ സന്തോഷമുണ്ട്. കുട്ടികൾക്കായി ഇന്ന് ഒബ്സർവേഷൻ ഹോമുകളും സുരക്ഷാ കേന്ദ്രങ്ങളും പുനരധിവാസ കേന്ദ്രങ്ങളും ഉണ്ടെങ്കിലും, അവയിൽ പലതും ജയിലുകളെപ്പോലെയാണ്. കുട്ടികൾ എന്തിന് അത്തരമൊരു സാഹചര്യത്തിൽ ജീവിക്കണം? ഇന്ന് പോക്സോ കേസുകളുടെ വർധന വലിയ ആശങ്കയാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ നോക്കുമ്പോൾ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വലിയ വർധനയുണ്ടെന്ന് തോന്നും.
എന്നാൽ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെടാതിരുന്ന സംഭവങ്ങളാണ് ഇന്ന് കൂടുതൽ പുറത്തുവരുന്നത്. ബോധവതകരണവും റിപ്പോർട്ടിംഗ് സംവിധാനങ്ങളും വർധിച്ചതിനാലാണ് ഈ കേസുകൾ ഇപ്പോൾ വെളിച്ചത്തുവരുന്നത്. പോക്സോ കേസുകളുടെ യാഥാർഥ്യം പരിശോധിച്ചാൽ, ഭൂരിഭാഗവും വീടുകളുടെ അകത്തും പരിചിതരായ ആളുകളുടെയും ഇടപെടലിലുമാണ് നടക്കുന്നത്. എൻജിഒകളും സാമൂഹിക സംഘടനകളും ഇടപെടുന്നില്ലെങ്കിൽ ഈ സംഭവങ്ങൾ പലപ്പോഴും ഒരിക്കലും പുറത്തുവരില്ല. ജനങ്ങൾ ദുരിതത്തിലായിരിക്കുമ്പോൾ യഥാർഥ നിഷ്പക്ഷത എന്നൊന്നില്ല. അനീതിയും ദുരിതവും നേരിടുന്നവരുടെ കൂടെ നിൽക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഞാൻ അതാണ് കണ്ടത്.
1975ൽ എന്താണ് സംഭവിച്ചതെന്ന് യുവാക്കളായിരിക്കുമ്പോഴും നിയമവിദ്യാർഥികളായിരിക്കുമ്പോഴും ഞങ്ങൾ മനസ്സിലാക്കിയിരുന്നു. ഇന്ന് രാജ്യത്ത് എന്താണ് നടക്കുന്നതെന്നും നമുക്കറിയാം. അതിനാൽ ഇന്നത്തെ യാഥാർഥ്യങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ നമുക്കാവില്ല. ഭരണഘടന ജനങ്ങളുടെ കൈയിലെ ഏറ്റവും ശക്തമായ ആയുധമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നതിനാലാണ് ഭരണഘടനാ ദിനം ആചരിക്കുന്നത്. ഇന്ന് പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി എവിടെയെത്തിയാലും ഭരണഘടനയുടെ ഒരു പതിപ്പ് കൈയിൽ കരുതുന്നു. അദ്ദേഹം അത് ജനങ്ങൾക്കു മുന്നിൽ ഉയർത്തിക്കാണിക്കുന്നു. ബിഹാറിലെ വനിതാ കർഷകരോട് സംസാരിക്കുമ്പോൾ അദ്ദേഹം ഭരണഘടന ഉയർത്തിക്കാട്ടി, ''ഇതാണ് ഇന്ത്യൻ ജനതയുടെ ഡി.എൻ.എ'' എന്ന് പറയുന്ന ഒരു വീഡിയോ ഞാൻ കണ്ടു. അവിടെ ഉണ്ടായിരുന്ന സ്ത്രീകളുടെ പ്രതികരണം എന്നെ ഏറെ ആകർഷിച്ചു. ഭരണഘടനയെക്കുറിച്ചോ ഇംഗ്ലീഷ് ഭാഷയെക്കുറിച്ചോ വലിയ പരിചയമില്ലാത്ത സാധാരണ സ്ത്രീകളായിരുന്നു അവർ. എന്നാൽ ഭരണഘടനയുടെ ആ ചെറിയ പുസ്തകം കണ്ടപ്പോൾ അവർ ആവേശത്തോടെ കൈയടിച്ചു.
ഇതിന്റെ ഫലമായി ഭരണഘടനയോടുള്ള ജനങ്ങളുടെ താത്പര്യം വലിയ രീതിയിൽ വർധിച്ചു. ഭരണഘടന പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങൾ പറയുന്നത് ഏകദേശം 1.55 ലക്ഷം കോപ്പികൾ വിറ്റഴിക്കപ്പെട്ടുവെന്നാണ്. അത് അഭിഭാഷകരോ ജഡ്ജിമാരോ മാത്രം വാങ്ങിയതല്ല; സാധാരണ ജനങ്ങളും ഭരണഘടനയിലേക്ക് ആകർഷിക്കപ്പെടുകയാണ്.
അതിനാൽ ഭരണഘടനയുടെ ചോദ്യത്തെ നാം വളരെ ഗൗരവത്തോടെ കാണണം. വീരേന്ദ്രകുമാർ അടിയന്തരാവസ്ഥയെ എതിർത്തപ്പോൾ ഉയർന്ന അടിസ്ഥാനചോദ്യം ഇതായിരുന്നു മനുഷ്യാവകാശങ്ങളുടെ ശക്തിയായ ഭരണഘടന നിലനിൽക്കുമോ? ഭരണഘടന നിലനിന്നു. അടിയന്തരാവസ്ഥ അവസാനിച്ചു. ഇന്ന് സംവിധാൻഹത്യാ ദിവസ് എന്നപോലുള്ള പരാമർശങ്ങൾ നമ്മൾ കേൾക്കുന്നു. അപ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യം ഭരണഘടനയെ ആരാണ് കൊലപ്പെടുത്തുന്നത്? ഇത് രാജ്യവ്യാപകമായി ചർച്ചയാകണം. വീരേന്ദ്രകുമാറിന്റെ ആത്മാവും ചിന്തയും അനുസരിച്ച് പറയുകയാണെങ്കിൽ, ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്നവർ ജനാധിപത്യത്തിന്റെ ശത്രുക്കളാണ്.
Content Highlights: NGOs are essential societal pillars, not parasites., Constitutional rights are upheld through active NGO intervention., Sunitha Krishnan's 'Prajwala' serves as a model for rescue and rehabilitation., Rising POCSO cases reflect better reporting mechanisms rather than just increased crime., The Constitution remains the ultimate tool for democracy and social justice.