ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ദി റിയൽ അയൺമാൻ; നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ ന്യായാധിപൻ

#വി.എസ്. സിജു
ഗോവ അയൺമാൻ 70.3 ട്രയാത്ത്‌ലണിൽ സൈക്ലിങ് നടത്തുന്ന ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്

-
ഗോവ അയൺമാൻ 70.3 ട്രയാത്ത്‌ലണിൽ സൈക്ലിങ് നടത്തുന്ന ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് -

കൊച്ചി: തിരമാലകളെയും ജെല്ലി ഫിഷുകളെയും വകവയ്ക്കാതെ കടലിലൂടെ 1.9 കിലോമീറ്റർ നീന്തൽ, അവിടെ നിന്ന് കയറി വിശ്രമിക്കാതെ 90 കിലോമീറ്റർ കുന്നും മലയും താണ്ടി സൈക്ലിങ്, അതേ ഊർജത്തോടെ 21.1 കിലോമീറ്റർ ഓട്ടം... 8.46 മണിക്കൂറിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇതെല്ലാം പൂർത്തിയാക്കിയപ്പോൾ സാക്ഷിയായവർ പറഞ്ഞു-ദി റിയൽ അയൺമാൻ....

ഗോവയിൽ സംഘടിപ്പിച്ച അയൺമാൻ 70.3 ട്രയാത്ത്‌ലണിലായിരുന്നു ജസ്റ്റിസ് ബെച്ചുവിന്റെ ഈ വിസ്മയപ്രകടനം. സ്‌പോർട്‌സിൽ ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ ന്യായാധിപനാണ് അദ്ദേഹം. ലോകപ്രശസ്തമാണ് അയൺമാൻ 70.3 എന്ന ട്രയാത്ത്‌ലൺ മത്സരം. അതിന്റെ ചുവടുപിടിച്ചാണ് ആറുവർഷമായി ഗോവയിലിത് സംഘടിപ്പിക്കുന്നത്. ശാരീരികക്ഷമതയും മനക്കരുത്തും ഒരുപോലെ പരീക്ഷിക്കപ്പെടുന്നു എന്നതാണ് ഈ മത്സരത്തിന്റെ പ്രത്യേകത.

സംസ്ഥാനത്തെ പരമോന്നത കോടതിയിലെ തിരക്കിനിടയിലും ശാരീരികാരോഗ്യം കരുതലോടെ സൂക്ഷിക്കണമെന്ന കാര്യത്തിൽ ജസ്റ്റിസിന് വിട്ടുവീഴ്ചയില്ല.

ആ സ്പോർട്സ്‌മാൻ സ്പിരിറ്റാണ് മകൻ തരുൺ തോമസ് കുര്യൻ സൃഷ്ടിച്ച മാതൃക പിന്തുടർന്ന് ഗോവയിലെ മത്സരവേദിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.

വിവിധ രാജ്യങ്ങളിൽ നിന്നായി 1650 മത്സരാർഥികളാണുണ്ടായത്. ഇതിൽ 400 പേർക്ക് മത്സരം പൂർത്തിയാക്കാനായില്ല. അവിടെയാണ് 57 കാരനായ ജസ്റ്റിസ് ബെച്ചു കുര്യൻ വിജയപതാക പാറിച്ചത്.

കേസ് പഠിക്കാനും കേൾക്കാനും വിധിന്യായങ്ങൾ എഴുതാനുമൊക്കെയായി ഒരു ന്യായാധിപൻ ദിവസവും 18 മണിക്കൂറോളം ചെലവഴിക്കേണ്ടിവരും. ഈ ഇരിപ്പിനിടെ അറിയാതെ ആരോഗ്യം മോശമാകും. അതിനെ മറികടന്ന് ശരീരത്തെ ഫിറ്റായി നിലനിർത്തുക, അതായിരുന്നു ഈ സാഹസികതയുടെ ലക്ഷ്യമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.

ബാഡ്മിന്റൺ ആണ് അദ്ദേഹത്തിന്റെ ഇഷ്ടയിനം. ക്രിക്കറ്റും പ്രിയപ്പെട്ടതാണ്. അതിനിടയിലാണ് അയൺമാനിൽ ഒരു ശ്രമം നടത്താൻ തീരുമാനിച്ചത്. ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തുന്ന തരുണിന്റെ മുൻവർഷത്തെ മികവാർന്ന പ്രകടനം അതിന് പ്രചോദനമായി. കോടതിയിലെ തിരക്കുകൾക്കിടയിലും ഒരു മണിക്കൂർ പരിശീലനത്തിനായി മാറ്റിവെച്ചു.

അമേരിക്കയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന മകൾ സുസാൻ കുര്യനടക്കം എപ്പോഴും പിന്തുണയേകി. ഗോവയിൽ ഒാരോ ഘട്ടത്തിലും പ്രോത്സാഹനമേകി ഭാര്യ മറിയം ജോർജും (മീനു) മരുമകൾ മിറിയം ജോസഫും ഉണ്ടായിരുന്നു. സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിന്റെ മകനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്.

Content Highlights: Justice Bechu Kurian Thomas completed the Ironman 70.3 in Goa within 8.46 hours., He became the first sitting judge in India to achieve this prestigious sporting milestone., The grueling event included 1.9km swimming, 90km cycling, and a 21.1km run., He balanced a demanding 18-hour work schedule as a judge with rigorous physical training.