'മുകേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്ക് സിപിഎം ബന്ധം'; കോടതി മാറ്റണമെന്ന് അനില്‍ അക്കര

തൃശ്ശൂര്‍: നടനും എം.എല്‍.എയുമായ എം. മുകേഷിനെതിരായ ലൈംഗികാതിക്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസിന്റെ സി.പി.എം. ബന്ധം ചൂണ്ടിക്കാട്ടിയാണ് നടപടി.
സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്റെ മകളും പണഞ്ചേരി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായിരുന്നു ഹണി എം. വര്‍ഗീസ് എന്നാണ് അനില്‍ അക്കര പറയുന്നത്. 2017-ല്‍ നടി ആക്രമിക്കപ്പെട്ടകേസില്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് അടക്കം നഷ്ടപ്പെട്ട വിഷയത്തില്‍ ജഡ്ജി ആരോപണ വിധേയയാണെന്നും അനില്‍ അക്കര കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ജഡ്ജി ഹണി എം. വര്‍ഗീസ് കേസില്‍ വാദം കേള്‍ക്കുന്നതും വിധി പറയുന്നതും നീതിപൂര്‍വമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ അക്കരയുടെ പരാതി.
മുകേഷിന്റെ ജാമ്യാപേക്ഷയില്‍ സെപ്റ്റംബര്‍ രണ്ടിന് വാദംകേള്‍ക്കും. ചൊവ്വാഴ്ചവരെ കോടതി മുകേഷിന്റെ അറസ്റ്റ് തടഞ്ഞിരുന്നു.
Content Highlights: Anil Akkara against Honey M Varghese in Mukesh alleged case