കെ.എം. മാണി കേരളത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന; ‘കാരുണ്യ’യെ പ്രകീർത്തിച്ച് ജോസ് കെ. മാണി

തിരുവനന്തപുരം: യു.ഡി.എഫ്. അധികാരത്തിലേക്കെന്ന തരത്തിൽ എക്‌സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ കാരുണ്യ ഭാഗ്യക്കുറിയുടെ സാമൂഹികപ്രസക്തി ഓർമ്മിപ്പിച്ച് ജോസ് കെ. മാണി കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് രാഷ്ട്രീയചർച്ചയാകുന്നു.
തലസ്ഥാനത്ത് വിവാഹത്തിനെത്തിയ അതിഥികൾക്ക് വധുവിന്റെ കുടുംബം കാരുണ്യ ഭാഗ്യക്കുറി സമ്മാനമായി നൽകിയ ’മാതൃഭൂമി’ വാർത്തയോടുള്ള പ്രതികരണമായാണ് ജോസ് കെ. മാണിയുടെ കുറിപ്പ്.
യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കെ.എം. മാണി മുൻകൈയെടുത്ത് നടപ്പാക്കിയ കാരുണ്യ പദ്ധതിയുടെ പ്രവർത്തനരീതികളിൽ എൽ.ഡി.എഫ്. സർക്കാർ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതിനെതിരെ യു.ഡി.എഫ്. കടുത്ത വിമർശനങ്ങളും ഉന്നയിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് കാരുണ്യയുടെ മഹത്ത്വം ഓർമ്മിപ്പിച്ച് ജോസ്. കെ. മാണിയിട്ട പോസ്റ്റ് ശ്രദ്ധേയമാകുന്നത്. തന്റെ പിതാവായ കെ.എം. മാണി കേരളത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനയാണ് കാരുണ്യ ലോട്ടറി ചികിത്സാസഹായപദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
‘പതിനായിരക്കണക്കിന് രോഗികൾക്ക് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള മൃതസഞ്ജീവനി ടിക്കറ്റായിരുന്നു കാരുണ്യ. ഇത് ഭാഗ്യക്കുറിയല്ല, മനുഷ്യത്വത്തിന്റെ കരസ്പർശമേറ്റ സംസ്കാരമാണ്.’ വിവാഹത്തിന് ലോട്ടറി ടിക്കറ്റ് നൽകിയ കുടുംബത്തിന്റേത് മാതൃകാപരമാണെന്നും ഇത് മറ്റുള്ളവർക്ക് പ്രചോദനമാകണമെന്നും അദ്ദേഹം കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം;
മനസിന് സന്തോഷം പകരുന്ന ഒരു വാർത്ത ഇന്നത്തെ (30 / 4 / 2026) മാതൃഭൂമിയിൽ വായിച്ചു. അച്ചാച്ചൻ, കെ.എം മാണിസാർ പൊതുജീവിതത്തിലൂടെ കേരളത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനയായ കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ടു ടിക്കറ്റുകൾ വീതം തിരുവനന്തപുരത്തെ ഒരു കുടുംബം അവരുടെ മകളുടെ വിവാഹത്തിനെത്തിയ അതിഥികൾക്ക് സദ്യക്കൊടുവിൽ മധുരസമ്മാനമായി നൽകി.
മാതൃഭൂമി ഇതിനെ അപൂർവ സമ്മാനം എന്ന് വിശേഷിപ്പിച്ചത്. ഇത് തീർത്തും അന്വർത്ഥമായിരുന്നു.
ജീവിതത്തിനും മരണത്തിനുമിടയിലൂടെ കടന്നു പോകാൻ വിധിക്കപ്പെട്ട പതിനായിരങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള മൃതസഞ്ജീവനീ ടിക്കറ്റായിരുന്നു കാരുണ്യ ചികിത്സാ സഹായ പദ്ധതി. അതൊരു ഭാഗ്യക്കുറിയല്ല. മനുഷ്യത്വത്തിന്റെ കരസ്പർശമായ ഒരു സംസ്കാരമാണ്..
ഇത്തരത്തിൽ മാത്യകാപരമായി പ്രവർത്തിച്ച കുടുംബത്തെ അനുമോദിക്കുന്നു. ഈ മാതൃക മറ്റുള്ളവർക്കും പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു. ഇതിന് അർഹിക്കുന്ന പ്രചാരം നൽകിയ മാത്യഭൂമിക്കും നന്ദി പറയുന്നു.
Content Highlights: Jose K Mani honors the legacy of KM Mani regarding the Karunya Lottery. Highlights the social significance of the Karunya treatment aid project in 2026. Commends a family for gifting lottery tickets at a wedding, promoting the scheme's humanitarian value. Reframes Karunya as a culture of humanity rather than just a lottery.