അമിത് ഷായും വി.ഡി. സതീശനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല, പോലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തി- ജോൺ ബ്രിട്ടാസ് എം.പി

#സ്വന്തം ലേഖകൻ
ജോൺ ബ്രിട്ടാസ് | Photo: Mathrubhumi
ജോൺ ബ്രിട്ടാസ് | Photo: Mathrubhumi

തിരുവനന്തപുരം: എൽ.പി.എസ്.ടി ഉദ്യോഗാർഥിയായ വളർമതിയെ അറസ്റ്റ് ചെയ്തതിലും സമരപ്പന്തൽ അടിച്ചുതകർത്തതിലും മുഖ്യമന്ത്രി വി.ഡി. സതീശനെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ജോൺ ബ്രിട്ടാസ് എം.പി. അമിത് ഷായും വി.ഡി. സതീശനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് തെളിയിക്കുന്ന നടപടികളാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി നൽകിയ വാക്ക് നഗ്നമായി ലംഘിച്ചുകൊണ്ട് പോലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തുകയുമാണുണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.

യു.ഡി.എഫ് സർക്കാർ നടത്തിയത് വിശ്വാസവഞ്ചനയാണെന്നും എന്ത് വിലകൊടുത്തും ഉദ്യോഗാർഥികളുടെ ന്യായമായ ഈ സമരത്തെ പിന്തുണയ്ക്കുമെന്നും ജോൺ ബ്രിട്ടാസ് അറിയിച്ചു. 'ഇന്ത്യ' സഖ്യം മുഴുവൻ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമ്പോൾ, സ്വന്തം സംസ്ഥാനത്ത് നടക്കുന്ന ന്യായമായ സമരത്തെ യു.ഡി.എഫ് സർക്കാർ അടിച്ചമർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഈ നിലപാടും നയവും വെച്ചുകൊണ്ട് എങ്ങനെയാണ് കോൺഗ്രസിന് ഡൽഹിയിലെ സമരങ്ങളിൽ പങ്കാളികളാകാൻ കഴിയുന്നതെന്നും അമിത് ഷായ്ക്ക് നേരെ വിരൽ ചൂണ്ടാനാകുന്നതെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു. ബി.ജെ.പിക്കെതിരെ പ്രക്ഷോഭങ്ങളുമായി 'ഇന്ത്യ' ബ്ലോക്കിനെ നയിക്കാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നുവെങ്കിൽ ഇത്തരം പെരുമാറ്റങ്ങൾ ശരിയല്ല. വിഷയത്തിൽ രാഹുൽ ഗാന്ധിയുടെയും കെ.സി. വേണുഗോപാലിന്റെയും അഭിപ്രായം എന്താണെന്നും എ.ഐ.സി.സി നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.