പാണക്കാട് തങ്ങളെ ക്ഷണിച്ചില്ല; ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്ത പരിപാടിക്ക് വിലക്ക്

#സ്വന്തം ലേഖിക
ജിഫ്രി മുത്തുക്കോയ തങ്ങൾ, എസ്.കെ.എസ്.എസ്.എഫ്. പതാക (Photo: https://www.facebook.com/SKSSFStateCommittee)
ജിഫ്രി മുത്തുക്കോയ തങ്ങൾ, എസ്.കെ.എസ്.എസ്.എഫ്. പതാക (Photo: https://www.facebook.com/SKSSFStateCommittee)

കോഴിക്കോട്: സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്ത എസ്.കെ.എസ്.എസ്.എഫ് പരിപാടിക്ക് വിലക്കേർപ്പെടുത്തി പള്ളിക്കമ്മിറ്റി. മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡന്റ് സെക്രട്ടറിയായ മഹല്ല് കമ്മിറ്റിയുടേതാണ് നടപടി. മുക്കം മുരിങ്ങംപുറായി പള്ളിക്കമ്മിറ്റിക്ക് കീഴിലാണ് എസ്.കെ.എസ്.എസ്.എഫ്. സഹചാരി സെന്റർ തുടങ്ങിയത്. പരിപാടിയുടെ ഉദ്ഘാടനത്തിനായി സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെയാണ് നിശ്ചയിച്ചത്. പാണക്കാട് തങ്ങൻമാരെ ക്ഷണിക്കാതിരുന്നതോടെയാണ് പള്ളിക്കമ്മിറ്റി പരിപാടി തടഞ്ഞത്.

ഇതോടെ മൂന്നര ലക്ഷത്തോളം രൂപ ചിലവഴിച്ച് നിർമ്മിച്ച ഓഫീസ് ഉദ്ഘാടനം നടത്താൻ കഴിഞ്ഞില്ല. ഇതോടെ പള്ളി കോമ്പൗണ്ടിന് പുറത്ത് സഹചാരി പദ്ധതി ഉദ്ഘാടനം ചെയ്ത് ജിഫ്രി തങ്ങൾക്ക് മടങ്ങേണ്ടിവന്നു. പള്ളിക്കമ്മിറ്റിയുടെ അനുമതിയില്ലാതെ ഓഫീസ് ഉദ്ഘാടനം നിശ്ചയിച്ചതുകൊണ്ടാണ് അനുമതി നൽകാതിരുന്നതെന്നാണ് ഭാരവാഹികളുടെ വിശദീകരണം.

സമസ്തയുടെ പ്രധാന പോഷക സംഘടനയായ എസ്.കെ.എസ്.എഫ്. പാണക്കാട് വിരുദ്ധ ചേരിയുടെ നിയന്ത്രണത്തിലാണ്. പള്ളിക്കമ്മിറ്റികളുടെ സ്വാധീനം ഉപയോഗിച്ച് ഈ പക്ഷത്തെ നേരിടാനാണ് ലീഗ് തീരുമാനമെന്ന സൂചനകളാണ് കഴിഞ്ഞ ദിവസം നടന്ന സംഭവം ചൂണ്ടിക്കാട്ടുന്നത്.

ലീ​ഗും സമസ്തയിലെ ഒരു വിഭാ​ഗവും തമ്മിലുള്ള പോര് കടുക്കുന്നതിനിടെ സമസ്തയിലെ 'ശജറ'കളെ വെട്ടിയ സാദിഖലി തങ്ങളുടെ നടപടിയും ചർച്ചയാവുകയാണ്. പട്ടിക്കാട് ജാമിഅ സമ്മേളനത്തിലാണ് സമസ്തയിലെ ഒരു വിഭാഗം നേതാക്കളെ ഒഴിവാക്കിയത്. സമസ്തയിലെ ലീ​ഗ് വിരുദ്ധ ചേരിയിൽപെട്ടവരെ ഒഴിവാക്കിയതോടെ സാദിഖലി തങ്ങൾക്കെതിരെ സമസ്തയിലും പ്രതിഷേധം ശക്തമാണ്. സാദിഖലി തങ്ങൾക്കെതിരെ നോട്ടീസ് വിതരണം ചെയ്യാനാണ് മറുപക്ഷത്തിന്റെ തീരുമാനം. ജനുവരി മൂന്ന് മുതൽ 7 വരെയാണ് സമ്മേളനം.  ഈ സമ്മേളനത്തിൽ നോട്ടീസ് വിതരണം ചെയ്യും.

സമസ്തയിലെ എതിരാളികളെ നേരിടാൻ സാദിഖലി തങ്ങൾ

കോഴിക്കോട് മഹല്ല് കമ്മിറ്റികളുടെ യോഗം വിളിച്ച് സാദിഖലി തങ്ങൾ. തങ്ങളെ ഖാസിയായി അംഗീകരിക്കുന്ന മഹല്ലുകളുടെ യോഗമാണ് വിളിച്ചത്. ഫെബ്രുവരി 17-ന് കോഴിക്കോട് വിപുലമായ സംഗമം നടത്താൻ തീരുമാനം.

Content Highlights: jifri muthukkoya thangal skssf program in mukkam