മുങ്ങിപ്പോയ 19-കാരൻ തിരികെ ജീവിതത്തിലേക്ക്; മുഹമ്മദ് ഹാഷിറിന്റെ ധീരതയ്ക്ക് ജീവൻരക്ഷാ പതക്

മലപ്പുറം: ചേലേമ്പ്രയിൽ കുളത്തിൽ മുങ്ങിപ്പോയ 19 വയസ്സുകാരനെ മരണത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ധീര ഇടപെടലിന് എൻ.കെ. മുഹമ്മദ് ഹാഷിറിന് (31) 2024ലെ ജീവൻരക്ഷാ പതക് അവാർഡ്. ചേലേമ്പ്ര ചേലൂപ്പാടം സ്വദേശിയാണ് ഹാഷിർ.
2023 ജനുവരി 24-ന് ചേലേമ്പ്രയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ പത്തൊൻപതുകാരൻ ഹരിനന്ദും കൂട്ടുകാരനും മുങ്ങിത്താഴുകയായിരുന്നു. സമീപത്തെ കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന നീന്തൽ പരിശീലകനായ ഹാഷിർ അപകടവിവരം അറിഞ്ഞ് ഉടൻ സ്ഥലത്തെത്തി കുളത്തിന്റെ അരികിൽ കല്ലിൽ പിടിച്ച് ഭയന്നുനിൽക്കുന്ന യുവാവിനെ ആശ്വസിപ്പിക്കുന്നതിനിടെയാണ് യുവാവിന്റെ സുഹൃത്തായ ഹരിനന്ദ് രണ്ടാൾ താഴ്ചയുള്ള വെള്ളത്തിൽ മുങ്ങിപ്പോയതായി അറിഞ്ഞത്.
ഉടനെ ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടശേഷം ഹാഷിർ കുളത്തിലേക്കു ചാടി ഹരിനന്ദിനെ രക്ഷിച്ചു.
പുറത്തെടുത്തപ്പോൾ പൾസും ശ്വാസവും ഇല്ലെന്നു മനസ്സിലാക്കിയ ഹാഷിർ കുളത്തിനരികിൽ കിടത്തി ഉടൻ സി.പി.ആർ. നൽകി. അഞ്ചാമത്തെ സൈക്കിളിൽ ശ്വാസം തിരികെ ലഭിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൃത്യസമയത്ത് കൃത്യവും ശാസ്ത്രീയവുമായ പ്രഥമശുശ്രൂഷ നൽകിയതിനാലാണ് ഹരിനന്ദിനെ ജീവിതത്തിലേക്കു തിരികെയെത്തിക്കാനായതെന്ന് ചികിത്സിച്ച ഡോക്ടർമാരും സാക്ഷ്യപ്പെടുത്തി.
ഈ ധീര ഇടപെടലിനുള്ള അംഗീകാരമാണ് ജീവൻരക്ഷാ പതക് അവാർഡ്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ ഹാഷിറിന് അവാർഡ് നൽകി. കളക്ടർ വി.ആർ. വിനോദ്, ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, ഡെപ്യൂട്ടി കളക്ടർ ജയശ്രീ (എൽ.എ.) എന്നിവർ പങ്കെടുത്തു. ഹാഷിറിനെ അവാർഡിലേക്ക് നാമനിർദേശംചെയ്തത് ഹരിനന്ദിന്റെ അച്ഛൻ അഡ്വ. പ്രശാന്താണ്. എന്നാൽ ഹാഷിർ അവാർഡ് സ്വീകരിക്കുന്ന നിമിഷം കാണാൻ പ്രശാന്ത് ഇല്ല.
നീന്തൽ പരിശീലകനും സന്നദ്ധപ്രവർത്തകനുമായ ഹാഷിർ അഞ്ചുവർഷമായി ചേലേമ്പ്ര ഇടിമുഴിക്കൽ പള്ളിക്കുളത്തിൽ നീന്തൽ പരിശീലകനാണ്.
Content Highlights: N.K. Mohammed Hashir receives the 2024 Jeevan Raksha Padak for saving a 19-year-old from drowning. Learn about his heroic act and CPR efforts.