'ആര് വിളിച്ചുപറഞ്ഞാലും ഗതാഗത നിയമലംഘനത്തിൽ വിട്ടുവീഴ്ച വേണ്ട'; റോഡ് സുരക്ഷയ്ക്കായി ജീവ-സുയാത്ര മിഷനുമായി സർക്കാർ

കൊച്ചി: ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെടുന്നവർക്കുവേണ്ടി ആര് വിളിച്ചുപറഞ്ഞാലും വിട്ടുവീഴ്ച കാണിക്കരുതെന്ന് പോലീസിനോടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും നിർദേശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തെ റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യവുമായുള്ള സർക്കാരിന്റെ 'ജീവ-സുയാത്ര മിഷൻ' മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നടൻ മമ്മൂട്ടി മുഖ്യാതിഥിയായി. മമ്മൂട്ടിയാണ് ജീവ-സുയാത്ര മിഷന്റെ ബ്രാൻഡ് അംബാസഡർ.
നിയമലംഘകരെ രക്ഷിക്കാനായി എംപിമാരും എംഎൽഎമാരും ഉൾപ്പെടെ ഒരു ജനപ്രതിനിധിയും ഇടപെടാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനടപടികൾ കർക്കശമായി നടപ്പാക്കുന്നതിന്റെ പേരിൽ ജനങ്ങൾ സർക്കാരിന് എതിരായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രി എന്ന നിലയിൽ തനിക്കാണ്. ആറ് മാസം കർശനമായി നിയമനടപടികൾ സ്വീകരിച്ചാൽ ഒരുവർഷത്തിനകം കേരളത്തിൽ മാതൃകാപരമായ പുതിയ ഗതാഗത സംസ്കാരം രൂപപ്പെടുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവെച്ചു.
വർഷങ്ങൾക്ക് മുമ്പ് കൊച്ചി നഗരത്തിൽ മദ്യപിച്ചു വാഹനം ഓടിക്കുന്നവർക്കെതിരെ പോലീസ് ശക്തമായ പരിശോധന നടത്തിയത് മുഖ്യമന്ത്രി പ്രസംഗത്തിൽ ഓർമിച്ചു. അന്ന് പിടിക്കപ്പെടുന്നവരെ രക്ഷിക്കാൻ പോലീസിന് നിരന്തരം ഫോൺ കോളുകൾ വരുമായിരുന്നു. എന്നാൽ, പോലീസ് നിലപാട് കടുപ്പിച്ചതോടെ ആളുകൾ തങ്ങളുടെ ഭാര്യമാരെ ഡ്രൈവിങ് പഠിപ്പിക്കുകയും മദ്യപിച്ചശേഷം ഭാര്യമാരെക്കൊണ്ട് വാഹനം ഓടിച്ച് വീട്ടിലേക്ക് മടങ്ങുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. പിന്നീട് പരിശോധന അയഞ്ഞപ്പോൾ വീണ്ടും ആളുകൾ പഴയ രീതിയിലേക്ക് മടങ്ങി, മുഖ്യമന്ത്രി പറഞ്ഞു.
വിദേശരാജ്യങ്ങളിൽ ട്രാഫിക് നിയമലംഘനം നടത്തുന്നവരോട് പോലീസ് ഉദ്യോഗസ്ഥർ വളരെ ബഹുമാനത്തോടെ സംസാരിക്കുമെങ്കിലും പിഴ ഈടാക്കുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. ഇവിടെയും നിയമലംഘനം നടത്തുന്നവരോട് ഉദ്യോഗസ്ഥർ സ്നേഹത്തോടെ പെരുമാറണമെന്നും എന്നാൽ, ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റോഡ് അപകടങ്ങൾ തടയുന്നതിന് ശക്തമായ ഒരു പുതിയ ഗതാഗത സംസ്കാരം കേരളത്തിൽ രൂപപ്പെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വാഹനം ഓടിക്കുമ്പോൾ ഗതാഗത നിയമങ്ങൾ പാലിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. മോട്ടോർ വാഹന വകുപ്പോ പോലീസോ ഗതാഗത വകുപ്പോ മാത്രം വിചാരിച്ചാൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ല. നമ്മൾ എല്ലാവരും ചേർന്നുള്ള ഒരു കൂട്ടായ ശ്രമത്തിലൂടെ മാത്രമേ റോഡ് സുരക്ഷ ഉറപ്പാക്കാൻ സാധിക്കൂ. നമ്മുടെ നാട്ടിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നവർ ഗൾഫ് രാജ്യങ്ങളിൽ പോകുമ്പോൾ നിയമങ്ങൾ കൃത്യമായി പാലിക്കുകയും വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കുകയും ചെയ്യാറുണ്ട്. അവിടെ നിയമലംഘനം നടത്തിയാൽ വൻ തുക പിഴ അടക്കേണ്ടി വരുമെന്നും ജയിലിൽ പോകേണ്ടിവരുമെന്നുമുള്ള ഭയമാണ് ഇതിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബസ്, ലോറി ഡ്രൈവർമാർ ചില യാത്രകൾക്കിടെ നാക്കിനടിയിൽ ലഹരിവസ്തുക്കൾ വെച്ച് വാഹനം ഓടിക്കുന്ന പ്രവണതയുണ്ടെന്നും ഇത് പ്രത്യേകമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബൈക്ക് യാത്രികർ ഹെൽമെറ്റിനുള്ളിൽ മൊബൈൽ ഫോൺ തിരുകിവെച്ച് സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത് വലിയ അപകടമുണ്ടാക്കുന്നുണ്ട്. വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കുകയും ട്രാഫിക് സിഗ്നലുകൾ കൃത്യമായി പാലിക്കുകയും വേണം. വിദേശരാജ്യങ്ങളിൽ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കുഴികളില്ലാത്ത നല്ല റോഡുകൾ നിർമ്മിച്ച് നൽകുന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഡബ്ല്യുഡി റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് പ്രത്യേക മുൻഗണന നൽകും. 'ജീവ-സുയാത്ര മിഷൻ' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി മമ്മൂട്ടി എത്തിയത് വലിയ കരുത്താണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വാഹനങ്ങളെ ഏറെ സ്നേഹിക്കുന്ന മമ്മൂട്ടി കേരളത്തിലായാലും വിദേശത്തായാലും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ച് മാതൃകാപരമായി വാഹനം ഓടിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ പിന്തുണ ജനങ്ങളിലേക്ക് റോഡ് സുരക്ഷാ സന്ദേശം എത്തിക്കാൻ ഏറെ സഹായിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
എറണാകുളം ടൗൺഹാളിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷനായി. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എംഎൽഎ, കൊച്ചി മേയർ കെ. മിനിമോൾ, ജില്ലാ കളക്ടർ പ്രിയങ്ക, ഗതാഗത വകുപ്പ് സെക്രട്ടറി ഷർമിള മേരി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Content Highlights: Chief Minister VD Satheesan inaugurated the Jeeva-Suyatra Mission in Kochi with actor Mammootty as brand ambassador, directing police and MVD officials to strictly enforce traffic laws without yielding to any influence.