ജാനകിക്കാട്ടിലേത് 'ചതിയന്‍ പുഴ'യെന്ന് നാട്ടുകാര്‍; അറിയാത്തവര്‍ ഇറങ്ങിയാല്‍ അപകടം ഉറപ്പ്

കോഴിക്കോട്: കത്തിയെരിയുന്ന മീനച്ചൂടിലും ശാന്തമായി ഒഴുകി സഞ്ചാരികളെ മയക്കുന്ന പുഴയാണ് ജാനകിക്കാടിനുള്ളിലെ നിഗൂഢതകള്‍ നിറഞ്ഞ പുഴ. പുഴയുടെ സൗന്ദര്യം കണ്ട് അറിയാതെ ഇറങ്ങിയാല്‍ ഇവിടെ മരണമുറപ്പാണെന്ന് മുന്‍ അനുഭവം ചൂണ്ടിക്കാട്ടി പറയുന്നു നാട്ടുകാര്‍. ഇതിനിടെ നാട്ടുകാരും അല്ലാത്തവരുമായ നിരവധി പേരെ മരണത്തിന്റെ മുഖം കാണിച്ചിട്ടുണ്ടിവിടം. ഇതില്‍ കുട്ടികളും സഞ്ചാരികളും വിദ്യാര്‍ഥികളുമെല്ലാം പെടും. ഇവിടെയാണ് തിങ്കളാഴ്ച രാവിലെ നവദമ്പതികള്‍ ഒഴുക്കില്‍ പെടുകയും നവ വരന്‍ ചുഴിയില്‍ പെട്ട് മരിക്കുകയും ചെയ്തത്.
കടിയങ്ങാട് ചങ്ങരോത്ത് സ്വദേശികളായ റെജിന്‍ലാല്‍,ഭാര്യ കനിക എന്നിവരാണ് ഒഴുക്കില്‍ പെട്ടത്. കുടുംബത്തോടൊപ്പം പുഴ കാണാനെത്തിയതായിരുന്നു. കാല്‍ വഴുതി വെള്ളത്തിലേക്ക് വീണ കനികയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റെജിന്‍ലാല്‍ ഒഴുക്കില്‍ പെടുകയും മുങ്ങിത്താഴുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ആശുപത്രിയിലെത്തിച്ചിട്ട് പോലും ജീവന്‍ രക്ഷിക്കാനായില്ല.
ആല്‍ബം ഷൂട്ടിനായും സേവ് ദ ഡേറ്റ് ഷൂട്ടിനുമെല്ലാം മിക്കപ്പോഴും ഇവിടെ ആള്‍ തിരക്കുണ്ടാവും. ചുറ്റുമുള്ള കാടും അതിന് നടുവിലൂടെയുള്ള പുഴയുമെല്ലാം ഇവിടെയെത്തുന്നവരെയെല്ലാം ആകര്‍ഷിക്കുന്നതാണ്. ആളുകള്‍ ഏറെയെത്താറുണ്ടെങ്കിലും ഒരു തരത്തിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളും പുഴയോരത്തോ കാട്ടിനുള്ളിലോ ഇല്ല എന്നതാണ് വസ്തുത. പലപ്പോഴും നാട്ടുകാര്‍ പറയുന്നത് അനുസരിക്കാനൊന്നും ഇവിടെയെത്തുന്നവര്‍ തയ്യാറാവുകയുമില്ല. ഇത് വലിയ അപകടത്തിലേക്കും വഴിവെച്ചിട്ടുമുണ്ട്.
Read More - കുറ്റ്യാടിയില്‍ നവവരന്‍ മുങ്ങിമരിച്ചു; ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷപ്പെടുത്തി
ശാന്തമായി ഒഴുകുമ്പോഴും പെട്ടെന്ന് വെള്ളം കൂടുകയും അപകടമുണ്ടാക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ജാനകിക്കാട് പുഴയുടേത്. കടുത്ത വേനലിലും പെട്ടെന്ന് വെള്ളമിരച്ചെത്തും. ഇക്കോ ടൂറിസം മേഖലയിലാണിവിടം. പലപ്പോഴും വേലിയേറ്റത്തിന്റേയും വേലിയിറക്കത്തിന്റേയും ജലപ്രവാഹവും പതിവാണ്. വളരെ പെട്ടെന്ന് ജലനിരപ്പുയരുകയും താഴുകയും ചെയ്യും. ചില നേരങ്ങളില്‍ പുഴ മുറിച്ചു കടക്കാനാവും. അത്രയും ശാന്തമാണ്. അതേ സമയത്തു തന്നെ പെട്ടെന്നു വെള്ളപ്പൊക്കവും ഉണ്ടാകും. അതുകൊണ്ടു തന്നെ ചതിയന്‍ പുഴയെന്നാണ് ജാനികക്കാട് പുഴയെ അറിയപ്പെടുന്നത്. അടിയില്‍ ഉരുളന്‍ കല്ലുകളാണ്. അതിനിടയില്‍ വലിയ ചുഴികളുമുണ്ട്. കയാക്കിംഗ് പരിശീലനത്തിന്റെ ഭാഗമായുള്ള മീന്തുള്ളിപാറയും ഇതിനടുത്താണ്.
ആരുടേയും ശല്യമില്ലാതെ പുഴയുടെ സൗന്ദര്യം ആസ്വദിക്കാനും ഒഴിവ് ദിനം ചിലവഴിക്കാനുമൊക്കെ ആള്‍കൂട്ടമുണ്ടാകാറുണ്ടിവിടെ. ദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ പോലും ഒരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ പുഴയിലിറങ്ങി കുളിക്കുന്നത് പതിവ് കാഴ്ചയാണ്. ഓരോ അപകടമുണ്ടാകുമ്പോഴും സുരക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയരാറുണ്ടെങ്കിലും ഒന്നും നടപ്പിലാവില്ലെന്ന് പറയുന്നു നാട്ടുകാര്‍
Content Highlights: Janakikkadu River Death