ജനശതാബ്ദിയും വേണാടും റദ്ദാക്കില്ല; സര്‍വീസ് തുടരും

പ്രതീകാത്മക ചിത്രം | ഫൊട്ടൊ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫൊട്ടൊ: മാതൃഭൂമി

പാലക്കാട്: കേരളത്തില്‍ ഓടുന്ന ജനശതാബ്ദി സ്‌പെഷ്യല്‍ സര്‍വീസുകളും വേണാട് സ്‌പെഷ്യല്‍ എക്‌സ്പ്രസും റദ്ദാക്കില്ല. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയും തിരുവനന്തപുരം-എറണാകുളം വേണാട് തീവണ്ടിയും സര്‍വീസ് തുടരുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ വ്യക്തമാക്കി. 

തീവണ്ടികള്‍ റദ്ദാക്കിയത് സംബന്ധിച്ച യാതൊരു അറിയിപ്പും ദക്ഷിണ റെയില്‍വേയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും കേരളത്തില്‍ ഓടുന്ന എല്ലാ തീവണ്ടികളും സാധാരണ നിലയില്‍ സര്‍വീസ് തുടരുമെന്നും പാലക്കാട് റെയില്‍ ഡിവിഷന്‍ പി.ആര്‍.ഒ ഗോപിനാഥ് അറിയിച്ചു.

യാത്രക്കാര്‍ കുറവായതിനാല്‍ ശനിയാഴ്ച മുതല്‍ മൂന്ന് തീവണ്ടികളുടെയും സര്‍വീസ് നിര്‍ത്താനായിരുന്നു റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം. എന്നാല്‍ ഇതിനെതിരേ വലിയ വിമര്‍ശനവും ഉയര്‍ന്നു. തീവണ്ടികള്‍ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് റെയില്‍വേ ചുമതലയുള്ള മന്ത്രി ജി. സുധാകരനും ഹൈബി ഈഡന്‍ എം.പി അടക്കമുള്ള ജനപ്രതിനിധികളും റെയില്‍വേ മന്ത്രിക്കും റെയില്‍വേ ബോര്‍ഡിനും കത്തയക്കുകയും ചെയ്തിരുന്നു.

content highlights: Jan Shatabdi and Venad express will not be canceled

Content Highlights: