'എന്റെ കണ്ണീരും സഹനവും സഭയുടെ നവീകരണത്തിന് കാരണമാകട്ടെ'; പ്രതികരണവുമായി ഫ്രാങ്കോ മുളയ്ക്കൽ

ന്യൂഡൽഹി: ജലന്ധർ രൂപതാ അധ്യക്ഷപദവിയിൽ നിന്നുള്ള തന്റെ രാജി വത്തിക്കാൻ സ്വീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. സഹനങ്ങളും താനൊഴുക്കിയ കണ്ണീരും സഭയുടെ നവീകരണത്തിനും വിശ്വാസത്തിന്റെ ബലപ്പെടുത്തലിനും കാരണമാകട്ടേയെന്ന് ഫ്രാങ്കോ വീഡിയോ സന്ദേശത്തിൽ പ്രതികരിച്ചു. തനിക്കൊപ്പം നിന്നവരോട് ഫ്രാങ്കോ മുളയ്ക്കൽ നന്ദി പറഞ്ഞു.
'എന്റെ അധികാരികളുമായി ചർച്ചചെയ്ത് പ്രാർഥിച്ച ശേഷം ജലന്ധർ ബിഷപ്പ് പദവിയിൽ നിന്ന് ഞാൻ രാജിവെക്കുന്നതായി എഴുതിയ കത്ത് ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിച്ചിരിക്കുന്നു. ഈ വിവരം സന്തോഷത്തോടും നന്ദിയോടും കൂടെ നിങ്ങളെ അറിയിക്കട്ടെ. കഴിഞ്ഞകാലമത്രയും പ്രത്യക്ഷമായും പരോക്ഷമായും അനുഭവിച്ച ഉപദ്രവങ്ങളും അത് സമ്മാനിച്ച വിഷമങ്ങളും ക്രൂശിതനായ കർത്താവിന്റെ കുരിശിൻ ചുവട്ടിൽ സമർപ്പിച്ചുകൊണ്ട് എന്നെ സ്‌നേഹിച്ചവരോടും എനിക്കുവേണ്ടി പ്രാർഥിച്ചവരോടും വേദനകളിൽ പങ്കുചേർന്നവരോടും കരുതലായി കൂടെ നിന്നവരോടും ആത്മാർഥമായി നന്ദിപറയുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ', ഫ്രാങ്കോ മുളയ്ക്കൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
'നമ്മുടെ സഹനങ്ങളും വേദനകളും സർവശക്തനുമുന്നിൽ മാത്രം ഞാനൊഴുക്കിയ കണ്ണുനീരും സഭയുടെ നവീകരണത്തിനും വിശ്വാസത്തിന്റെ ബലപ്പെടുത്തലിനും എന്റെ തന്നെ വിശുദ്ധീകരണത്തിനും ദൈവമഹത്വത്തിനും കാരണമാവട്ടെ. എന്റെ തുടർന്നുള്ള പ്രാർഥനകളിലും ബലിയർപ്പണങ്ങളിലും മറ്റ് ശ്രുശൂഷകളിലും നിങ്ങളും എന്നോടൊപ്പം ഉണ്ടാകും എന്ന ഉറപ്പോടെ നിങ്ങളുടെ സ്വന്തം ഫ്രാങ്കോ പിതാവ്. ദൈവത്തിന് സ്തുതി', ഫ്രാങ്കോ പറഞ്ഞു.
നേരത്തേ, ഫ്രാങ്കോ മുളയ്ക്കൽ നൽകിയ രാജി വത്തിക്കാൻ അംഗീകരിച്ചതായി വ്യാഴാഴ്ചയാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ബിഷപ്പ് എമരിറ്റസ് എന്ന് ഫ്രാങ്കോ മുളയ്ക്കൽ ഇനി അറിയപ്പെടുമെന്നും വത്തിക്കാൻ അറിയിച്ചു.