രക്ഷാപ്രവർത്തിനിടെ മരിച്ച രാജേഷിനോട് അനാദരവ്, വെളിപ്പെടുത്തലുമായി ആംബുലൻസ് ഡ്രൈവർമാർ

#ന്യൂസ് ഡെസ്ക്
രാജേഷിൻ്റെ മൃതദേഹം ആംബുലൻസിലേക്ക് മാറ്റുന്ന സിസിടിവി ദൃശ്യം | Photo: screengrab/mathrubhumi news
രാജേഷിൻ്റെ മൃതദേഹം ആംബുലൻസിലേക്ക് മാറ്റുന്ന സിസിടിവി ദൃശ്യം | Photo: screengrab/mathrubhumi news

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ആർ. രാജേഷിന്റെ ഭൗതിക ദേഹത്തോട് അനാദരവ് കാണിച്ചതായി ആരോപണം. പരിയാരം മെഡിക്കൽ കോളേജിൽനിന്ന്  തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ മൃതദേഹം എംബാം (Embalming) ചെയ്യാതെയും മതിയായ ഫ്രീസർ സൗകര്യമില്ലാതെയുമാണ് അയച്ചതെന്നാണ് പരാതി.

ആംബുലൻസ് ഡ്രൈവർമാരായ മുഹമ്മദ് നിയാസും മുഹമ്മദ് തൻവീറുമാണ് അനാസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്. വെള്ളത്തിൽ വീണുമരിച്ചതിനാൽ ശരീരം വീർത്ത അവസ്ഥയിലായിരുന്നുവെന്നും ഇത്തരം സാഹചര്യങ്ങളിൽ മൃതദേഹം എംബാം ചെയ്യുകയോ ഫ്രീസർ ഉപയോഗിക്കുകയോ ചെയ്യേണ്ടത് ആവശ്യമാണ്. എന്നാൽ യാതൊരു മുൻകരുതലുമില്ലാതെയാണ് മൃതദേഹം കൊണ്ടുപോയതെന്ന് മുഹമ്മദ് നിയാസ് പറഞ്ഞു.

തൃശ്ശൂർ ചാവക്കാട് എത്തിയപ്പോഴാണ് ആംബുലൻസിലെ വീഴ്ച തിരിച്ചറിഞ്ഞത്. ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുവന്നതിനെ തുടർന്ന് ഭൗതിക ദേഹത്തിന് കേടുപാടുകൾ സംഭവിക്കുമോ എന്ന് ഭയന്ന ഡ്രൈവർമാർ, ചാവക്കാട് വെച്ച് മറ്റൊരു ആംബുലൻസിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് മുന്നിലുള്ള മറ്റ് ആംബുലൻസ് ഡ്രൈവർമാരുടെ സഹായത്തോടെയാണ് ഫ്രീസർ സൗകര്യമുള്ള വാഹനത്തിൽ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. മൃതദേഹം വഴിയിൽ വെച്ച് മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

Content Highlights: Alleged negligence in transporting Rajesh's body from Pariyaram Medical College., Failure to perform embalming or provide freezer facilities for a long-distance transfer., Ambulance drivers intervened in Chavakkad to transfer the body to a freezer-equipped vehicle., Absence of government officials or representatives during the transport process., CCTV evidence of the mid-journey transfer has sparked public outrage.