ലോകസഞ്ചാരം പൂർത്തിയാക്കി ഐ.എൻ.എസ്. സുദർശിനി കൊച്ചിയിൽ; താണ്ടിയത് 41,000 കി.മീ. ദൂരം

#സിറാജ് കാസിം
'ലോക് യാൻ 2026' പൂർത്തിയാക്കി കൊച്ചിയിലെ ദക്ഷിണ നാവികസേന ആസ്ഥാനത്ത് തിരിച്ചെത്തിയ ഐ എൻ എസ് സുദർശിനിയിലെ നാവികർ ആഹ്ലാദം പങ്കിടുന്നു. (ചിത്രം PTI)
'ലോക് യാൻ 2026' പൂർത്തിയാക്കി കൊച്ചിയിലെ ദക്ഷിണ നാവികസേന ആസ്ഥാനത്ത് തിരിച്ചെത്തിയ ഐ എൻ എസ് സുദർശിനിയിലെ നാവികർ ആഹ്ലാദം പങ്കിടുന്നു. (ചിത്രം PTI)

കൊച്ചി: “അച്ഛാ, അച്ഛാ, വേഗം വാ...” കൊച്ചിയുടെ തീരത്തേക്ക് സുദർശിനി എത്തുമ്പോൾ പായമരത്തിൽ കൈകൾ വിടർത്തി നിന്ന അനന്തുവിനെ കണ്ട സന്തോഷത്തിൽ ഉച്ചത്തിലായിരുന്നു മൂന്നരവയസ്സുകാരി ഋതുഭദ്രയുടെ വിളി. പായ്ക്കപ്പൽ തീരമണയുമ്പോൾ കരയിൽ കാത്തുനിന്നിരുന്ന പ്രിയപ്പെട്ടവരുടെ അരികിലേക്ക് ഓടിയെത്താൻ അനന്തുവിനെപ്പോലെ കുറെ നാവികരുണ്ടായിരുന്നു. അഭിമാനവും സന്തോഷവും ഒരുപോലെ തിരയടിക്കുന്ന നാവികരുടെ മുഖങ്ങളിലെ പുഞ്ചിരി സാക്ഷിയാക്കി ആ കൈകളിലേക്ക് പൂക്കൾ സമ്മാനിച്ച് അവരെല്ലാം പറഞ്ഞു, “വെൽകം ബാക്ക് ടു ഹോം” .

ഇന്ത്യൻ നാവികസേനയുടെ മൂന്ന് പായമരങ്ങളുള്ള അത്യാധുനിക പരിശീലനക്കപ്പലായ ഐ.എൻ.എസ്. സുദർശിനി പത്തുമാസത്തെ ലോകസഞ്ചാരം പൂർത്തിയാക്കി തിങ്കളാഴ്ച കൊച്ചിയുടെ തീരമണഞ്ഞു. ജനുവരി 20-ന് കൊച്ചിയിൽനിന്ന് തുടങ്ങിയ ‘ലോകയാൻ’ പ്രയാണമാണ് 287 ദിനങ്ങൾക്കുശേഷം പൂർത്തിയായത്. അറബിക്കടലും മെഡിറ്ററേനിയൻ കടലും ചെങ്കടലും സൂയസ് കനാലും അറ്റ്‌ലാന്റിക് മഹാസമുദ്രവും ഉൾപ്പെടെ 41,000 കി.മീ. ദൂരമാണ് സുദർശിനി താണ്ടിയത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലായി 11 രാജ്യങ്ങളിലെ 18 തുറമുഖങ്ങളും പ്രയാണത്തിനിടയിൽ സന്ദർശിച്ചു.

ലോകയാൻ യാത്രയ്ക്കിടയിലാണ് സുദർശിനി ആദ്യമായി അറ്റ്‌ലാന്റിക് മഹാസമുദ്രം മുറിച്ചുകടന്നത്. കൊച്ചിയിൽനിന്ന് ഒമാനിലെ സലാലയിലെത്തിയ സുദർശിനി യാത്രയ്ക്കിടയിൽ ഈജിപ്ത്, ഫ്രാൻസ്, സ്‌പെയിൻ, മൊറോക്കോ, ഇറ്റലി, പോർച്ചുഗൽ, അമേരിക്ക, മാൾട്ട, കേപ് വെർദെ, ആന്റിഗ്വ എന്നീ രാജ്യങ്ങളും താണ്ടി. സ്‌പെയിനിലെ കാനറി ദ്വീപുകൾ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ നാവികസേനാ കപ്പലായും സുദർശിനി മാറി. യാത്രയ്ക്കിടയിൽ ലോകത്തെ വലിയ പായ്ക്കപ്പൽ മേളകളായ ഫ്രാൻസിലെ ‘എസ്‌കെയിൽ എ സെറ്റി’ലും അമേരിക്കയിലെ ‘സെയിൽ 250’-ലും സുദർശിനി ഇന്ത്യയെ പ്രതിനിധീകരിച്ചു.

നാവികസേനാ ദക്ഷിണമേഖലാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേന സുദർശിനിയെ കൊച്ചിയുടെ തീരത്തേക്ക് തിരികെ സ്വീകരിച്ചു. ഇന്ത്യയുടെ സമുദ്ര പാരമ്പര്യം ലോകമെമ്പാടും എത്തിക്കാനായതിന്റെ അഭിമാനം സുദർശിനിയുടെ ക്യാപ്റ്റൻ കമാൻഡർ എൻ.പി. രവികാന്തും പങ്കിട്ടു. ഇരട്ടക്കുട്ടികളായ മക്കളെ വാരിപ്പുണർന്നാണ് ക്യാപ്റ്റൻ രവികാന്ത് തീരത്തെത്തിയ സന്തോഷമറിയിച്ചത്.

‘വെൽകം പപ്പ, വി മിസ്‌ഡ് യു വെരിമച്ച്’ എന്ന അടിക്കുറിപ്പോടെ വരച്ച സമുദ്രത്തിന്റെയും കപ്പലിന്റെയും ചിത്രം നൽകി നാലു വയസ്സുകാരൻ വിഹാൻ സ്വീകരിക്കാനെത്തുമ്പോൾ നിറഞ്ഞ മിഴികളോടെയാണ് അച്ഛൻ ലെഫ്റ്റനന്റ് കമാൻഡന്റ് പി. രാഹുൽ മകനെ വാരിപ്പുണർന്നത്.

Content Highlights: INS Sudarsini completed a 10-month 'Lokayan' global voyage covering 41,000 km., Traveled across Asia, Europe, Africa, and North America, visiting 18 ports in 11 countries., First Indian Navy ship to visit the Canary Islands in Spain., Welcomed back at Kochi naval base by Southern Naval Command Chief Vice Admiral Sameer Saxena