ഇന്ദിര വിതുമ്പലോടെ പറഞ്ഞു, ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന്; പരമേശ്വരൻ നമ്പൂതിരിയുടെ ഓർമ്മ

പരമേശ്വരൻ നമ്പൂതിരി കോലഴിയിലെ പാഴൂർ മനയിൽ
പരമേശ്വരൻ നമ്പൂതിരി കോലഴിയിലെ പാഴൂർ മനയിൽ

തൃശ്ശൂർ: അടിയന്തരാവസ്ഥയ്ക്കുപിന്നാലെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി പരാജയത്തിന്റെ കയ്പറിഞ്ഞ സമയം. ഡൽഹിയിലായിരുന്ന പരമേശ്വരൻ നമ്പൂതിരിക്ക്, ബദരീനാഥിലെ മലയാളിയായ പൂജാരിയിൽനിന്ന് (റാവൽ) ഒരു ഫോൺവിളി വന്നു. ശബ്ദത്തിലെ തിടുക്കം അറിഞ്ഞ് ബദരീനാഥിലേക്ക് തിരിച്ചു. നീണ്ട കാർയാത്രക്കുശേഷം അദ്ദേഹത്തിന്റെ മുറിയിലെത്തിയപ്പോൾ ഇന്ദിരാഗാന്ധി ഒട്ടൊരു വിതുമ്പലോടെ അദ്ദേഹത്തോട് സംസാരിക്കുന്ന അവിശ്വസനീയ കാഴ്ചയാണ് കണ്ടത്. ‘‘ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, അരാജകത്വം ഒഴിവാക്കുകമാത്രമേ ലക്ഷ്യമിട്ടിരുന്നുള്ളൂ, മറ്റാരൊക്കെയോ...’’ -ഇന്ദിര പിന്നെയും പലതും പറഞ്ഞുകൊണ്ടേയിരുന്നു.

മുൻപും മനസ്സിടറുന്ന ഘട്ടങ്ങളിലെല്ലാം ഇന്ദിര, റാവലിനെത്തേടിയെത്തിയിരുന്നതായി പരമേശ്വരനറിയാം. അടിയന്തരാവസ്ഥയെ ഒരിക്കൽപ്പോലും പരസ്യമായി തള്ളിക്കളയാത്ത ഇന്ദിരയുടെ സ്വകാര്യ ഏറ്റുപറച്ചിലിന് സാക്ഷ്യംവഹിക്കാനാകാം റാവൽ വിളിച്ചതെന്ന് പരമേശ്വരൻ പറയുന്നു.

തൃശ്ശൂർ ബ്രഹ്മസ്വംമഠത്തിലെ വിദ്യാർഥിയായിരുന്ന കാലംതൊട്ടേ അദ്ദേഹത്തിന് പരമേശ്വരനുമായി അടുപ്പമുണ്ട്. ഗുജറാത്ത് ഗവർണറായിരുന്ന കെ.കെ. വിശ്വനാഥന്റെ സെക്രട്ടറിയായിരുന്ന പരമേശ്വരൻ നമ്പൂതിരിക്ക് ഇന്ദിരയെ നല്ല പരിചയമുണ്ടെന്നും റാവലിനറിയാമായിരുന്നു. ഇതുവരെയും മറ്റാരുമറിയാത്ത ആ കൂടിക്കാഴ്ചയെക്കുറിച്ചാണ് കോലഴിയിലെ പാഴൂർ മനയിലിരുന്ന് അദ്ദേഹം സംസാരിച്ചത്.

പിന്നീട് ഇന്ദിരവധക്കേസിൽ കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറലിനൊപ്പം കോടതിയിൽ ഹാജരാകേണ്ടിവന്നത് വേദനിപ്പിക്കുന്ന മറ്റൊരു നിയോഗമെന്നും പരമേശ്വരൻ പറയുന്നു.

ഇന്ദിരയ്ക്കുശേഷം രാജീവ്‌ഗാന്ധി, നരസിംഹറാവു, വാജ്‌പേയി, മൻമോഹൻസിങ് എന്നീ പ്രധാനമന്ത്രിമാർക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരവും കേന്ദ്രസർക്കാർ പ്ലീഡർ എന്ന നിലയിലുണ്ടായി.

പാലക്കാട് ചാലിശ്ശേരി പട്ടിശ്ശേരി പാഴൂർ ഇല്ലത്താണ് 1947-ൽ പരമേശ്വരന്റെ ജനനം. ഇരുപത്തിമൂന്നാം വയസ്സിൽ ഹൈക്കോടതിയിൽ നിയമജീവിതത്തിന് തുടക്കമായി. 1973-ൽ ഗുജറാത്ത് ഗവർണർ കെ.കെ. വിശ്വനാഥന്റെ പേഴ്‌സണൽ സെക്രട്ടറിയായി അഹമ്മദാബാദിലേക്കു പോയി. 1978-ൽ സുപ്രീംകോടതിയിൽ പ്രാക്ടീസ് തുടങ്ങി. 1985-ലാണ് കേന്ദ്രസർക്കാർ പ്ലീഡറായത്. 2010-ൽ തൃശ്ശൂരിൽ തിരിച്ചെത്തി. 10 വർഷമായി ബ്രഹ്മസ്വംമഠത്തിന്റെ പ്രസിഡന്റാണ്.

Content Highlights: A rare account of Indira Gandhi`s emotional confession after her election defeat