മിത്തുകളെ സത്യത്തിന് പകരംവെക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി; ഇന്ത്യൻ ചരിത്ര കോൺഗ്രസിന് തുടക്കം

#ന്യൂസ് ഡെസ്ക്
ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു
ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: ചരിത്രം ആർക്കും കീഴടങ്ങുകയില്ലെന്നും മിത്തുകളെ സത്യത്തിന് പകരംവെക്കാൻ കഴിയില്ലെന്നും പാണ്ഡിത്യം അധികാരത്തിന് തല കുനിക്കുകയില്ലെന്നുമുള്ള സന്ദേശമാണ് ഇന്ത്യൻ ചരിത്ര കോൺഗ്രസ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗവ. ബ്രണ്ണൻ കോളേജിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിനുവേണ്ടിയുള്ള പ്രതിരോധങ്ങൾ ജനാധിപത്യപരമായ ഉത്തരവാദിത്വമാണ്. രാജ്യവും അതിന്റെ രാഷ്ട്രീയവും ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് ഇന്ത്യൻ ചരിത്ര കോൺഗ്രസ് നടക്കുന്നത്. ചരിത്രം വളച്ചൊടിക്കപ്പെടുമ്പോഴും തുടച്ചുനീക്കപ്പെടുമ്പോഴും ജനാധിപത്യം ദുർബലമാകുകയാണ്. അതിനാലാണ് ചരിത്ര കോൺഗ്രസ് ദേശീയ ശ്രദ്ധ നേടുന്നത്. ഒരുപതിറ്റാണ്ടായി ചരിത്രത്തെ മാറ്റിയെഴുതുകയെന്നത് സുസ്ഥിര രാഷ്ട്രീയപദ്ധതിയായി മാറി. ഈ ഇടപെടലിന്റെ ഏറ്റവും പ്രകടമായ ഒരു ഉദാഹരണം സിബിഎസ്ഇ പാഠപുസ്തകമാണ്.

സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജിയുടെ പങ്ക് പോലും ചെറുതാക്കപ്പെടുകയും സവർക്കറെ വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു -അദ്ദേഹം പറഞ്ഞു.

വിയോജിപ്പുകൾ കുറ്റമാകുന്നു

ശാസ്ത്രവും വിദ്യാഭ്യാസവും അതിക്രമത്തിന് ഇരയാകുകയാണ്. കരിക്കുലത്തിലെ മാറ്റങ്ങൾ പരിണാമസിദ്ധാന്തത്തെയും യുക്തിപരമായ അന്വേഷണത്തെയും ദുർബലപ്പെടുത്തുന്നു. സർവകലാശാലകൾ നിരീക്ഷിക്കപ്പെടുന്നു, സെമിനാറുകൾ റദ്ദാക്കപ്പെടുന്നു, വിയോജിപ്പുകളെ കുറ്റകരമായി കാണുന്നു. മലബാർ കലാപം കേവലം വർഗീയമായി ചിത്രീകരിക്കപ്പെട്ടു. ശ്രീനാരായണഗുരുവിന്റെ സാമൂഹികവിപ്ലവങ്ങളെ പരിഗണിക്കാതെ കേവലം ആത്മീയ പരിഷ്‌കർത്താവായി ചുരുക്കുകയാണ് -മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Kerala CM Pinarayi Vijayan inaugurates Indian History Congress in Thalassery, emphasizing history`s resistance to distortion and the threat to democracy. Learn more.