ഇന്ത്യൻ കോഫി ഹൗസിന് യുഡിഎഫ് സർക്കാരിന്റെ ‘തലപ്പാവ്’; പൂട്ടിപ്പോയവ തുറക്കും, പുതിയ നിയമനം നടത്തും

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലൻ മുൻകൈയെടുത്ത് സ്ഥാപിച്ച ഇന്ത്യൻ കോഫി ഹൗസുകളെ പഴയ പ്രൗഢിയിലെത്തിക്കാൻ യു.ഡി.എഫ്. സർക്കാരിന്റെ സഹായം. പരിചിത വിഭവങ്ങളുമായി തലപ്പാവണിഞ്ഞ ജീവനക്കാർ ഇനി തീൻമേശക്കരികിലെത്തുന്നത് പ്രതിസന്ധിയുടെ ക്ഷീണമകന്നായിരിക്കും.
തൃശ്ശൂർ ആസ്ഥാനമായ ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയിൽ 11 വർഷമായി ജീവനക്കാരെ നിയമിക്കാനാവാതെ 13 കോഫി ഹൗസുകൾ പൂട്ടിയിരുന്നു. ജീവനക്കാരെ നിയമിക്കാൻ യു.ഡി.എഫ്. സർക്കാർ അനുമതി നൽകി. പൂട്ടിപ്പോയവയടക്കമുള്ള കോഫി ഹൗസുകളുടെ പ്രവർത്തനം പുനരാരംഭിക്കും. തൃശ്ശൂർമുതൽ തിരുവനന്തപുരംവരെയുള്ള ജില്ലകളിലാണ് നിയമനം.
ജീവനക്കാരെ നിയമിക്കാൻ അനുമതിതേടി ഭാരവാഹികൾ കഴിഞ്ഞ സർക്കാരുകളുടെകാലത്ത് ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും രാഷ്ട്രീയകാരണങ്ങളാൽ ഫലമുണ്ടായില്ല. മറ്റുസംഘങ്ങളിൽനിന്ന് വ്യത്യസ്തമായി വ്യവസായ, വാണിജ്യവകുപ്പ് ഡയറക്ടറാണ് സൊസൈറ്റിയുടെ രജിസ്ട്രാർ. അതിനാലാണ് സർക്കാരിന്റെ അനുമതി വേണ്ടിവന്നതും. അഞ്ഞൂറോളം ജീവനക്കാരെ ഉടൻ നിയമിച്ചാലേ പ്രതിസന്ധി തീരൂ.
58 കോഫി ഹൗസുകളിൽ 45 ശാഖകളാണിപ്പോൾ പ്രവർത്തിക്കുന്നതെന്ന് സൊസൈറ്റി പ്രസിഡന്റ് എസ്.എസ്. അനിൽകുമാർ പറഞ്ഞു. മുടങ്ങിയ പി.എഫ്. വിഹിതം അടയ്ക്കാനും ഗ്രാറ്റുവിറ്റി നൽകാനും ദീർഘകാല വായ്പയാണ് ഇനിവേണ്ടത്. പത്തിടത്ത് പുതുതായി കോഫി ഹൗസ് തുറക്കുന്നത് പരിഗണനയിലാണ്. വിവിധ രാഷ്ട്രീയപ്പാർട്ടികൾ ഉൾപ്പെട്ട സഹകരണവേദിക്കാണ് ഇപ്പോൾ സൊസൈറ്റിയുടെ ഭരണം.
കാപ്പിയുടെ പ്രചാരണത്തിന് ബ്രിട്ടീഷ് ഭരണകാലത്ത് കോഫിബോർഡ് രാജ്യത്തുടനീളം കോഫി ഹൗസുകൾ സ്ഥാപിച്ചിരുന്നു. 1950-കളിൽ കോഫി ഹൗസുകൾ പൂട്ടാൻ തീരുമാനിച്ചപ്പോൾ തൊഴിലാളികളുടെ രക്ഷയ്ക്ക് എ.കെ.ജി. മുന്നിട്ടിറങ്ങിയാണ് തൃശ്ശൂർ ആസ്ഥാനമായി ഇന്ത്യാകോഫി ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ചത്.
Content Highlights: UDF government approves recruitment to revive 13 closed Indian Coffee House branches., The revival initiative addresses an 11-year hiring freeze., Approximately 500 new employees to be hired across Kerala., Strategic plans to open 10 new branches and settle PF/gratuity dues., Preserving the cooperative legacy established by A.K. Gopalan.