എൽ.ജി.ബി.ടി.ക്യു.പ്ലസ് വ്യക്തിത്വങ്ങൾ രോഗമല്ല, ചികിത്സ ആവശ്യമില്ല; കൺവേർഷൻ തെറാപ്പിക്കെതിരേ ഐ.എം.എ.

മലപ്പുറം: എൽ.ജി.ബി.ടി.ക്യു.പ്ലസ് വിഭാഗങ്ങളുടെ പ്രശ്നങ്ങൾ കൺവേർഷൻ തെറാപ്പികൊണ്ട് ചികിത്സിച്ചുമാറ്റാമെന്ന അവകാശവാദങ്ങൾക്കെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. ലൈംഗികാഭിമുഖ്യവും ലിംഗവൈവിധ്യവും ചികിത്സിച്ച് മാറ്റേണ്ട രോഗങ്ങളല്ലെന്നും കൺവേർഷൻ തെറാപ്പിക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നും ഐ.എം.എ. ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം പോലുള്ള കപടചികിത്സകൾ വഴി സംസ്ഥാനത്ത് വ്യാപകമായി കൺവേർഷൻ തെറാപ്പി നടത്തുന്നത് ചൂണ്ടിക്കാട്ടി മാതൃഭൂമി കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഐ.എം.എ. ഈ കപടചികിത്സയ്‌ക്കെതിരേ മുന്നറിയിപ്പുനൽകിയത്.
കണ്ണൂർ, തൃശ്ശൂർ, പാലക്കാട് തുടങ്ങി മിക്ക ജില്ലകളിലും എൻ.എൽ.പിയുടെ പേരിൽ ഇത്തരം വ്യാജചികിത്സകൾ നടക്കുന്നുണ്ട്. ഈ വ്യാജചികിത്സക്കാർ സമൂഹമാധ്യമങ്ങൾവഴി വലിയ അവകാശവാദങ്ങളും അവതരിപ്പിക്കുന്നു.
ഈ അവകാശവാദങ്ങൾപോലും നിയമവിരുദ്ധമായതാണ്. വ്യാജ പ്രചാരണങ്ങൾക്കെതിരേ ഒരു നിയമനടപടിയും ഉണ്ടാകുന്നില്ല. ഇത്തരം ചികിത്സകൾകൊണ്ട് ഒട്ടേറെപേർക്ക് മാനസികവും ശാരീരികവുമായ വലിയ പാർശ്വഫലങ്ങളുണ്ടായിട്ടുണ്ട്. അതിൽ ചിലർ ചൈൽഡ്ലൈനിലും പോലീസിലും മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിലുമെല്ലാം പരാതി നൽകിയിട്ടുണ്ട്.
ലൈംഗികാഭിമുഖ്യവും ലിംഗസ്വത്വവും ലിംഗപ്രകടനവും മാറ്റുകയോ അടിച്ചമർത്തുകയോ ചെയ്യുന്ന ചികിത്സകളൊന്നും ശാസ്ത്രീയമല്ലെന്ന് വേൾഡ് മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കിയിട്ടുള്ളതായി ഐ.എം.എ. പറയുന്നു. കൺവേർഷൻ തെറാപ്പിപോലുള്ള കപടചികിത്സകൾ വ്യക്തിയുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കാനുള്ള സാധ്യത അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എൽ.ജി.ബി.ടി.ക്യു.പ്ലസ് വ്യക്തിത്വങ്ങൾ രോഗമല്ലാത്തതിനാൽ അവർക്ക് ചികിത്സയോ രോഗമുക്തിയോ ആവശ്യമില്ലെന്നതാണ് ഐ.എം.എ. കേരളഘടകത്തിന്റെ അഭിപ്രായമെന്ന് സംസ്ഥാനപ്രസിഡന്റ് ഡോ. എം.എൻ. മേനോനും സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രനും സംയുക്തപ്രസ്താവനയിൽ പറഞ്ഞു.
അവരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തണം. മെഡിക്കൽ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ഇത്തരക്കാരോടുള്ള മനുഷ്യത്വപരമായ സമീപനം പ്രോത്സാഹിപ്പിക്കണം. ഇത്തരക്കാരെ ചികിത്സിക്കാനും സമ്മർദം ചെലുത്താനും ശ്രമിക്കുന്നതിനു പകരം അവരെ മനസ്സിലാക്കിക്കൊണ്ട് പ്രൊഫഷണൽ പിന്തുണയോടെ സമീപിക്കണം. ശാസ്ത്രീയവും തെളിവുകളുള്ളതുമായ ആരോഗ്യപരിചരണരീതികൾ ഉറപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Content Highlights: Indian Medical Association (IMA) strongly opposes conversion therapy for LGBTQ+ individuals., Declares sexual orientation and gender diversity are not diseases requiring treatment., Highlights physical and mental side effects caused by pseudo-treatments like NLP., Urges professional support and humane approaches instead of forced therapies.