ഇടുക്കിയിൽ കനത്ത മഴ; രണ്ടിടത്ത് ഉരുൾപൊട്ടൽ, വീടുകളിൽ വെള്ളം കയറി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/മാതൃഭൂമി

തൊടുപുഴ: ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൊടുപുഴയ്ക്ക് സമീപം രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. മുട്ടം ചള്ളാവയലിലും അടൂർ മലയിലുമാണ് ഉരുൾപൊട്ടലുണ്ടായത്. 

ചള്ളാവയലിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ആളുകൾ  വീടുകൾക്കുള്ളിൽ കുടുങ്ങി. ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്.  നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അടൂർ മലയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിൽ ഒരാളെ കാണാതായി. പ്രദേശവാസിയായ സ്ത്രീയെയാണ് കാണാതായത്. ഇവരുടെ വീട് പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ രക്ഷപ്പെട്ടതായാണ് വിവരം.

കരിങ്കുന്നം നെല്ലാപ്പാറയിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ ഉണ്ടായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ, ഒളമറ്റം, തെക്കുംഭാഗം പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.പ്രദേശത്ത് വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.

Content Highlights: Landslides reported in Challavayal and Adoor Mala near Thodupuzha., Multiple landslides occurred in Nellappara, Karinkunnam., No casualties reported so far despite severe weather., Residents trapped in homes due to rising water levels., Continuous heavy rainfall impacting daily life in Idukki district.