ഒരു കുഴിയിൽ 2 മൃതദേഹം, മണ്ണിൽനിന്ന് പുറത്തേക്കുന്തി നിൽക്കുന്ന കാൽ; പോലീസിനെ കണ്ടതോടെ സജി ഓടിപ്പോയി

നെടുങ്കണ്ടം (ഇടുക്കി): നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയിൽ വീടിനു സമീപത്തെ പറമ്പിൽ കുഴിച്ചിട്ടനിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയുടെയും പുരുഷന്റേതുമാണ് മൃതദേഹം. അഴുകിയനിലയിലായിരുന്നു. കാണാതായതായി പരാതി ലഭിച്ച, പച്ചടി പൊൻതിട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (54) എന്നിവരുടെ മൃതദേഹങ്ങളാണ് ഇതെന്ന് കരുതുന്നു. എന്നാൽ, പോസ്റ്റുമോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കുംശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് ഇടുക്കി എസ്.പി. സാബുമാത്യു പറഞ്ഞു.
ഇവർക്കൊപ്പം താമസിച്ചിരുന്ന, മേരിക്കുട്ടിയുടെ ഇളയമകൻ സജി (43), പോലീസിനെ കണ്ട് ഓടിപ്പോയി. ഇയാൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി. മേരിക്കുട്ടിയെയും റെജിയെയും കാണാനിെല്ലന്ന് കാട്ടി മേരിക്കുട്ടിയുടെ മകൾ സിനി ഞായറാഴ്ച പോലീസിൽ പരാതി നൽകിയിരുന്നു.
തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പിൽ ഒരു പുരുഷന്റെ കാലിന്റെ ഭാഗം മണ്ണിനടിയിൽനിന്ന് പുറത്തേക്കുനിൽക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പോലീസിൽ അറിയിച്ചു.
തുടർന്ന് ഫൊറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ മണ്ണുമാറ്റി പരിശോധന തുടങ്ങി. ഉച്ചയ്ക്ക് 1.45-ഓടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ ഒരേകുഴിയിൽ ആയിരുന്നു. വേഗം ജീർണിക്കുന്നതിനും ദുർഗന്ധം പുറത്തേക്ക് വരാതിരിക്കുന്നതിനുമായി കുഴിയിൽ കുമ്മായം വിതറിയിരുന്നു.
പോലീസ് പറയുന്നത് -
ഏപ്രിൽ 10 മുതൽ മേരിക്കുട്ടിയെയും മൈക്ക് ഓപ്പറേറ്ററായ റെജിയെയും കാണാനില്ലായിരുന്നു. നാട്ടുകാർ ഇവരെപ്പറ്റി തിരക്കിയപ്പോൾ, ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിന് തിരുവല്ലയിൽ ആണെന്നും മേരിക്കുട്ടിയുടെ ചികിത്സയ്ക്കായി തേനി മെഡിക്കൽകോളേജിൽ കൊണ്ടുപോയെന്നും മറ്റും സജി പറഞ്ഞിരുന്നു. പലരോടും പലരീതിയിൽ സംസാരിച്ചതിനെ തുടർന്ന് നാട്ടുകാർക്ക് സംശയം തോന്നി.
തുടർന്ന് ഇവർ, നെടുങ്കണ്ടം പോലീസിൽ രണ്ടുപേരെയും കാണാതായതിൽ അസ്വാഭാവികതയുണ്ടെന്ന് അറിയിച്ചിരുന്നു.
ഇതിനിടെയാണ് സിനി നെടുങ്കണ്ടം പോലീസിൽ പരാതിനൽകിയത്.
ഞായറാഴ്ച വൈകീട്ട് നെടുങ്കണ്ടം പോലീസ് ഇവരുടെ വീടിനുസമീപത്ത് എത്തി.
യാത്രപോകാൻ തയ്യാറെടുത്തവിധം ബാഗുമായി റോഡിനുസമീപം നിൽക്കുകയായിരുന്ന സജി, പോലീസിനെ കണ്ട് ഓടിപ്പോകുകയായിരുന്നു. വൈകീട്ടോടെ സമീപത്തെ മലയിൽനിന്ന് ഇയാളുടെ ബാഗ് കണ്ടെത്തി. മദ്യപിച്ച് സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
കട്ടപ്പന ഡിവൈ.എസ്.പി. ഷാജൻ, നെടുങ്കണ്ടം സി.ഐ. കെ.എൽ. തോമസ് എന്നിവർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പിതാവിന്റെ തിരോധാനവും ദുരൂഹം
നെടുങ്കണ്ടം: പച്ചടി തോട്ടുവാക്കടയിൽ വീടിനുസമീപത്ത് അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുൾ അഴിയുംമുമ്പേ എട്ട് വർഷം മുമ്പ് ഇവരുടെ അച്ഛൻ മാത്യുവിനെ കാണാതായതും സംശയം ജനിപ്പിക്കുന്നു.
മാത്യു സുവിശേഷകനായിരുന്നു. 2018-ൽ മാത്യുവിനെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പരാതി തന്നിരുന്നുവെന്നും ഇതിന്മേൽ അന്വേഷണം നടക്കുകയാണെന്നും നെടുങ്കണ്ടം പോലീസ് പറഞ്ഞു.
മാത്യുവിന്റെ തിരോധാനവും ഇതോടൊപ്പം അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
നാടുണർന്നത് ഇരട്ടക്കൊലപാതക വാർത്തകേട്ട്
#പ്രജിൽ ജി. പിള്ള
നെടുങ്കണ്ടം (ഇടുക്കി): പച്ചടി തോട്ടുവാക്കട തിങ്കളാഴ്ച ഉണർന്നത് ഞെട്ടിക്കുന്ന ഇരട്ടക്കൊലപാതക വാർത്ത കേട്ടായിരുന്നു. വീടിനടുത്തുള്ള പട്ടിക്കൂടിന് സമീപം അമ്മയുടെയും മകന്റെയും മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തി എന്ന വാർത്തയറിഞ്ഞ് പൊൻതിട്ടയിൽ വീട്ടിലേക്ക് നിരവധിപ്പേരാണ് എത്തിയത്.
നാട്ടുകാരുടെ സംശയം തിരച്ചിലിന് വഴിമാറിയതോടെയാണ് കൊലപാതകത്തിന് ആദ്യ തുമ്പ് ലഭിച്ചത്. പട്ടിക്കൂടിന് സമീപം മണ്ണ് ഇളകി കിടക്കുന്നതുകണ്ട് തൂമ്പയ്ക്ക് ഒന്ന് നീക്കിയപ്പോൾതന്നെ ജീൻസ് ധരിച്ച അഴുകിയ കാൽ പുറത്തുകണ്ടു. ഇതോടെ കൊലപാതകം ഉറപ്പിച്ചു. മരിച്ചത് റെജി ആണെന്ന സംശയം ബലപ്പെട്ടു. അമ്മ മേരിക്കുട്ടി എവിടെയെന്നായി അടുത്ത ചോദ്യം. ഉടൻ പോലീസ് എത്തുകയും പ്രദേശം ബന്തവസാക്കുകയും ചെയ്തു. 1.45-ഓടെ, നാട്ടുകാരുടെ സഹായത്തോടെ ഫൊറൻസിക് സംഘം മൃതദേഹങ്ങൾ പുറത്തെടുത്തപ്പോൾ സംശയിച്ചതുതന്നെ സംഭവിച്ചു. ഒരുപുരുഷന്റെയും സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി.
പോലീസ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നെടുങ്കണ്ടം പച്ചടി റോഡിൽനിന്ന് അധികം ദൂരമില്ലെങ്കിലും ഇവരുടെ വീടിന് സമീപത്ത് മറ്റ് വീടുകൾ കുറവാണ്. ഏറ്റവും അടുത്തുള്ള വീട്ടുകാർ മൂന്നുമാസം മുമ്പ് വാടകയ്ക്ക് വന്ന് താമസിക്കുന്നവരും. വീട്ടിൽ വലിയ ശബ്ദം ഉണ്ടായാലും അടുത്തുള്ളവർ കേൾക്കണമെന്നില്ല.
നാല് മക്കളാണ് മാത്യു-മേരിക്കുട്ടി ദമ്പതിമാർക്ക്. സജിയെയും റെജിയെയും സിനിയെയും കൂടാതെ മാനസിക വെല്ലുവിളി നേരിടുന്ന ഏറ്റവും ഇളയ സഹോദരികൂടി ഇവർക്കുണ്ട്. ഇവർ ജില്ലയിലെ ഒരു ഷെൽട്ടർഹോമിലാണ് കഴിയുന്നത്.
ഇരട്ടക്കൊലയ്ക്കുശേഷവും സജി അക്ഷോഭ്യൻ
അമ്മയെയും ജ്യേഷ്ഠനെയും കൊലപ്പെടുത്തിയ ശേഷവും ആരോപണവിധേയനായ സജിയുടെ പെരുമാറ്റത്തിൽ അസാധാരണമായി ഒന്നും കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു ഇയാളുടേത്. മേസ്തിരിപ്പണിയും മറ്റ് ജോലികളും ചെയ്തുവരുകയായിരുന്നു.
മദ്യപിച്ചെത്തി സഹോദരങ്ങൾതമ്മിൽ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. എന്നാലും നാട്ടുകാരോട് മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. വിവാഹം നടക്കാത്തതിലും സജി അസ്വസ്ഥനായിരുന്നു. ഇതിനിടെ വരുന്ന 30-ന് നെടുങ്കണ്ടത്ത് തന്റെ വിവാഹമാണെന്നും പങ്കെടുക്കണമെന്നും പറഞ്ഞ് സജി പരിചയക്കാരെയും ബന്ധുക്കളെയും എല്ലാം ക്ഷണിച്ചിരുന്നു. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഇത് കള്ളമാണെന്ന് തെളിഞ്ഞു.
കൂടാതെ, താമസിക്കുന്ന വീടും ഒന്നരയേക്കർ സ്ഥലവും പാട്ടത്തിന് കൊടുക്കാൻ പോകുകയാണെന്നും പലരോടും പറഞ്ഞു. ഇതൊക്കെ എന്തിനായിരുന്നുവെന്നും, കൊലപാതകം മറയ്ക്കാനുള്ള എന്തെങ്കിലും തന്ത്രം മെനയുകയായിരുന്നോ എന്നുമാണ് സംശയം.
Content Highlights: Bodies of an elderly woman and her son discovered buried near their home in Pachadi, Nedumkandam., Suspect Saji, the younger son, fled the scene upon police arrival., The victims, Marykutty and Reji, had been reported missing since April 10., Police are investigating the potential link to the 2018 disappearance of the father, Mathew., Forensic teams confirmed the bodies were buried together with lime to accelerate decomposition.