സർക്കാർ ഭൂമിയിൽ അനധികൃത പാറഖനനം: CPIM ഇടുക്കി ജില്ലാ സെക്രട്ടറിയുടെ മരുമകനെതിരെ റിപ്പോർട്ട്

ഇടുക്കി: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെ മരുമകൻ അനധികൃത ഖനനം നടത്തിയതിന്റെ തെളിവുകൾ പുറത്ത്. റോഡ് നിർമാണത്തിന്റെ മറവിലാണ് വർഗീസിന്റെ മരുമകൻ സജിത്ത് സർക്കാർ ഭൂമിയിലെ പാറ പൊട്ടിച്ച് കടത്തിയത്. 2108 സ്ക്വയർ മീറ്റർ പാറ പൊട്ടിച്ച് കടത്തിയെന്നാണ് ജിയോളജി വകുപ്പിന്റെ റിപ്പോർട്ട്. സംഭവത്തിൽ സജിത്തിനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
2022 സെപ്റ്റംബറിൽത്തന്നെ സജിത്തിനെതിരായി നിരവധി പരാതികൾ കളക്ടർക്ക് കിട്ടിയിരുന്നു. സർക്കാർ ഭൂമിയിൽനിന്ന് സജിത്ത് പാറ പൊട്ടിച്ച് കടത്തിയെന്ന് ജിയോളജി വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്. 31 മീറ്റർ നീളത്തിലും ശരാശരി എട്ടര മീറ്റർ വീതിയിലും എട്ടുമീറ്റർ ആഴത്തിലും ഖനനം നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. ഈ അളവും വില്ലേജ് ഓഫീസറുടെ മഹസറിലെ അളവും തമ്മിൽ വ്യത്യാസമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
അളവുവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ജിയോളജിസ്റ്റ് താലൂക്ക് സർവേയറെക്കൊണ്ട് സ്ഥലം അളവെടുപ്പിച്ച് എത്രത്തോളം അനധികൃത ഖനനം നടന്നുവെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അങ്ങനെയൊരു പരിശോധന നടത്തിയില്ല. പ്രശ്നത്തിൽ തുടർ നടപടികളുണ്ടായിട്ടില്ലെന്ന് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. റവന്യൂ ഭൂമിയിലെ പാറയാണ് പൊട്ടിച്ച് കടത്തിയിരിക്കുന്നത് എന്നതിനാൽ ഭൂസംരക്ഷണ നിയമപ്രകാരവും കേരള മിനറൽസ് ആൻഡ് മെറ്റൽസ് കൺസെഷൻ ആക്റ്റ് പ്രകാരവും നടപടിയെടുക്കണമെന്നും ജിയോളജിസ്റ്റ് ആവശ്യപ്പെടുന്നു.
ജിയോളജിസ്റ്റിന്റെ റിപ്പോർട്ട് ലഭിച്ചതിനുപിന്നാലെ അന്വേഷണത്തിനുത്തരവിട്ടിരിക്കുകയാണ് ജില്ലാ കളക്ടർ. നിലവിൽ ഒരു സ്ഥലത്തെ ഖനന വിവരങ്ങൾ മാത്രമാണ് രേഖാമൂലം പുറത്തുവന്നിരിക്കുന്നത്. ഉടുമ്പൻചോല തഹസിൽദാർ, ഭൂരേഖ തഹസിൽദാർ, വില്ലേജ് ഓഫീസർമാർ എന്നിവർക്ക് നൽകിയ കത്തിൽ സി.വി.വർഗീസ്, മകൻ അമൽ വർഗീസ്, മരുമകൻ സജിത്ത് എന്നിവരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്.
ഉടുമ്പൻചോല താലൂക്കിലെ പൂപ്പാറ എന്ന സ്ഥലത്ത് സജിത്ത് നടത്തുന്ന ഖനനത്തേക്കുറിച്ച് ഒരു പൊതുപ്രവർത്തകൻ പേരുവെയ്ക്കാതെ എഴുതിയ പരാതി കളക്ടർക്ക് മുൻപ് ലഭിച്ചിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് പേര് വെയ്ക്കാത്തതിന് കാരണമായി ഇയാൾ പറയുന്നത്.
Content Highlights: Illegal Mining: CPM Leader`s Son-in-Law Accused