മതാടിസ്ഥാനത്തിൽ വാട്‌സാപ്പ് ഗ്രൂപ്പ്: കെ. ഗോപാലകൃഷ്ണന്റെപേരിൽ കേസെടുക്കാൻ നിയമോപദേശം

കെ.ഗോപാലകൃഷ്ണൻ ഐ.എ.എസ്. | Photo: Screengrab
കെ.ഗോപാലകൃഷ്ണൻ ഐ.എ.എസ്. | Photo: Screengrab

തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ നടപടിയിൽ വ്യവസായവകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരേ കേസെടുക്കാൻ പോലീസിന് നിയമോപദേശം. മതപരമായ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചതിന് കേസെടുക്കാമെന്നാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്ക് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയിട്ടുള്ള നിയമോപദേശം.

എന്നാൽ, പോലീസ് രേഖകൾ മുഴുവൻ പരിശോധിക്കാതെയാണ് ഇപ്പോഴത്തെ നിയമോപദേശമെന്ന നിലപാടിലാണ് പോലീസ്. കൂടുതൽ വ്യക്തതവരുത്തി കേസെടുത്ത് അന്വേഷണത്തിലേക്കു കടക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് വീണ്ടും നിയമോപദേശം തേടി.

വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ വിവാദമുയർന്നപ്പോൾ തന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിശദീകരണം. പോലീസ് നടത്തിയ അന്വേഷണത്തിലും െഫാറൻസിക് പരിശോധനയിലും ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. പോലീസിന്റെ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലിനെത്തുടർന്ന് ഗോപാലകൃഷ്ണനെ സർക്കാർ സസ്‌പെൻഡുചെയ്തു. ആദ്യം നടത്തിയത് അനൗദ്യോഗിക അന്വേഷണമായതിനാൽ പോലീസ് നിയമോപദേശം തേടുകയായിരുന്നു.

Content Highlights: Police received legal advice to file a case against Gopalakrishnan for promoting religious division.