തട്ടിപ്പ് നടത്തിയോയെന്ന് അന്വേഷിക്കണം;എംഎ ഷഹനാസിനെതിരെ പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ

പത്തനംതിട്ട: പ്രസാധകയും കെപിസിസി സാംസ്‌കാര സാഹിതി ജനറൽ സെക്രട്ടറിയുമായ എംഎ ഷഹനാസിനെതിരെ പരാതിയുമായി പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. ഐഎഎസ് നേടിയെന്ന് നുണ പറയുകയും അതിന്റെ പേരിൽ എംഎ ഷഹനാസ് സ്വീകരണങ്ങൾ നേടുകയും ചെയ്തു എന്നുള്ള ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീനാദേവി കുഞ്ഞമ്മ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഐഎഎസ് ആണെന്ന് പറഞ്ഞ് നാട്ടിലും വിദേശത്തും എന്തൊക്കെ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യമുന്നയിച്ച് യുപിഎസ്‌സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്രമന്ത്രിമാരായ സുരേഷ്ഗോപി, ജോർജ് കുര്യൻ, കേരള ഗവർണർ, കോഴിക്കോട് ജില്ലാ പോലീസ് മേധാവി എന്നിവർക്കാണ് ശ്രീനാദേവി കുഞ്ഞമ്മ പരാതി നൽകിയിരിക്കുന്നത്. പരാതി നൽകിയെന്ന വിവരം ശ്രീനാദേവി കുഞ്ഞമ്മ ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു. മുൻ യൂത്ത്‌കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെ പിന്തുണച്ചതിന്റെ പേരിൽ വിമർശനം നേരിട്ട കോൺഗ്രസ് നേതാവാണ് ശ്രീനാദേവി കുഞ്ഞമ്മ. പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗമായ ശ്രീനാദേവി കുഞ്ഞമ്മ 'അതിജീവിതനൊപ്പം' എന്നു പരാമർശിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ശ്രീനാദേവി കുഞ്ഞമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
മാധ്യമങ്ങളിൽ നിന്നും പത്രവാർത്തകളിൽ നിന്നും ഷഹനാസ് എം.എ എന്ന പേരിലുള്ള ഒരു എഴുത്തുകാരി പലതരത്തിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അപമാനിക്കുന്ന രീതിയിലും, വി. ആർ. സുധീഷ് എന്ന കഥാകൃത്തിനെതിരെ വ്യാജ ‘മീ ടു’ ആരോപണം നടത്തി അദ്ദേഹത്തെ ആക്ഷേപിക്കുന്ന രീതിയിലും സംസാരിക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടു.
സോഷ്യൽ മീഡിയയിൽ ശ്രീ. നിയാസ് മലബാറി എന്ന വ്യക്തി എഴുതുന്ന ചില കുറിപ്പുകൾ പലതവണയായി കാണുവാനും ഇടയായി. ഷഹനാസ് എന്നവർക്കെതിരെ സാഹിത്യകാരൻ വി.ആർ സുധീഷ് നൽകിയ മാനനഷ്ടകേസിൽ ഇവർ പലതവണയും കോടതിയിൽ ഹാജരാകാതെ ഇവർക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും അറിഞ്ഞു.
അപ്പോഴാണ് ഞാൻ ഒരു വാർത്ത ശ്രദ്ധിച്ചത്. നിബു വർഗീസ് എന്ന ഒരു വ്യക്തിയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ അപമാനിച്ചു എന്ന രീതിയിൽ ഇവർ ഒരു പരാതി കൊടുത്തിരിക്കുന്നു. പക്ഷെ വിസ്മയം എന്തെന്നാൽ ഇവർ പരാതി കൊടുത്തത് സോഷ്യൽ മീഡിയയിൽ ഇവരെപ്പറ്റി സംസാരിച്ചു കൊണ്ടേയിരിക്കുന്ന നിയാസ് മലബാറിയ്‌ക്കെതിരെ അല്ല. സ്വാഭാവികമായും നമുക്ക് ഉറപ്പാക്കാം നിയാസ് മലബാറി പറഞ്ഞ കാര്യങ്ങൾ ഖണ്ഡിക്കുവാനുള്ള ഒരു വാദങ്ങളും ഇവരുടെ കൈയിൽ ഇല്ല എന്ന്. അതുകൊണ്ടാണ് ഇവർ ആ വ്യക്തിയെ അറ്റാക്ക് ചെയ്യാതെ ഇവർക്കെതിരെ എന്തോ കുറിപ്പുകൾ എഴുതിയ നിബു വർഗീസിനെതിരെ പരാതി കൊടുത്തത്.
നിയാസ് മലബാറി,
'ഐഎഎസ് ലഭിച്ചു എന്ന് നിങ്ങൾ നുണ പറഞ്ഞില്ലേ'
എന്ന് ചോദിക്കുമ്പോൾ
ഇവർ മെഹന്ദി ഇടുന്ന പടം ഇടുന്നു,
'നിങ്ങൾക്ക് രണ്ട് ഐഡി കാർഡ് ഇല്ലേ'
എന്ന് ചോദിക്കുമ്പോൾ
ഇവർ ബീച്ചിൽ ഇരുന്ന് കുമിള വിടുന്ന പടം ഇടുന്നു.
'പബ്ലിക്കേഷൻസ് സ്ഥാപനം നടത്തുന്ന നിങ്ങൾക്ക് രണ്ട് അക്കൗണ്ട് ഇല്ലേ'
എന്ന് ചോദിക്കുമ്പോൾ
ഇവർ മഞ്ചേരിയിൽ ഉള്ള ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്ന വീഡിയോ ഇടുന്നു.
അതല്ലാതെ ആ വ്യക്തി ചോദിച്ച ഒരു ചോദ്യങ്ങൾക്കും കൃത്യമായ മറുപടി ഒരിക്കലും ഇവർ പറഞ്ഞിട്ടില്ല.
അവരുടെ വിവാഹപൂർവ ബന്ധങ്ങൾ അവരുടെ സ്വാതന്ത്ര്യമാണ് എന്ന് അവർക്ക് കാഴ്ചപ്പാടുണ്ടാകാം എന്നതുകൊണ്ട് ആ വിഷയത്തിൽ എനിക്ക് അഭിപ്രായം പറയാൻ സാധിക്കില്ല. പക്ഷെ, സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ഈ ആരോപണ-പ്രത്യാരോപണങ്ങളിൽ 22 ദിവസം ആയിട്ടും ആരോപണ വിധേയ ശ്രീമതി. എം. എ. ഷഹനാസ് സത്യം എന്തെന്ന് പറഞ്ഞു കണ്ടില്ല.
ഐഎഎസ് നേടി എന്ന് വ്യാജമായി പറയുകയും അതിന്റെ പേരിൽ സ്വീകരണവും മറ്റ് കാര്യങ്ങളും നേടുകയും ചെയ്യുന്നത് വളരെ ഗുരുതരമായ കുറ്റമാണ്. ഐഎഎസ് ആണെന്ന് പറഞ്ഞ് ഇവർ നാട്ടിലും വിദേശത്തും എന്തൊക്കെ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട് എന്ന് അന്വേഷിക്കേണ്ടതുണ്ട്.
അതിനാൽ നിജസ്ഥിതി അന്വേഷിച്ചു കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും, പ്രതിപക്ഷനേതാവിനും, ഡജടഇ ചെയർമാനും, കേന്ദ്ര മന്ത്രാലയത്തിനും, കേന്ദ്രമന്ത്രിമാരായ ശ്രീ സുരേഷ്ഗോപിയ്ക്കും, ശ്രീ ജോർജ് കുര്യനും, കേരള ഗവർണർക്കും, കോഴിക്കോട് ജില്ലാ പോലീസ് മേധാവിയ്ക്കും ഇന്ന് ഞാൻ പരാതി നൽകിയിട്ടുണ്ട്.
2014 ലെ റിസൾട്ട് പരിശോധിച്ച് ഔദ്യോഗികമായി സ്ഥിരീകരിക്കണം എന്ന് ആവശ്യപ്പെട്ട് UPSC യെയും സമീപിച്ചിട്ടുണ്ട്.
സിവിൽ സർവീസ് പഠനത്തിനായി വർഷങ്ങൾ ബലികൊടുത്ത ഒട്ടേറെ ഉദ്യോഗാർഥികൾ കേരളത്തിൽ ഉണ്ട്. പക്ഷെ പഠിച്ച കോളേജിൽ നുണ പറഞ്ഞ് സ്വീകരണം വാങ്ങാൻ അസാമാന്യരായ നുണയർക്കു മാത്രമേ സാധിക്കു.
NB:
ചരിത്രത്തിലെ കരുത്തുറ്റ, അന്തസ്സുള്ള സ്ത്രീകളുടെ ചരിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ട്, ആ തണലിൽ നിന്നുകൊണ്ട്, സൗകര്യപൂർവ്വം ആദർശത്തെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചും പുലമ്പുന്ന ചില സ്ത്രീകൾ ഇന്ന് വലിയ സ്ത്രീപക്ഷ വാദികളായി സ്വയം പ്രഖ്യാപിയ്ക്കുന്ന കാഴ്ച രാഷ്ട്രീയകേരളത്തിൽ സർവ്വസാധാരണമായി മാറുന്നുണ്ട്. ഒരുപാട് അന്തസ്സുള്ള സ്ത്രീകൾ നഷ്ടപ്പെടലുകളിലൂടെ സൃഷ്ടിച്ചെടുത്ത ആത്മത്യാഗത്തിന്റെ ചരിത്രമാണ് നമ്മുടെ സ്ത്രീമുന്നേറ്റത്തിനുള്ളത്. അതിന്റെ ഇന്നലകളിൽ നുണകളില്ല. ഇന്നുകളിലും നാളെകളിലേക്കും സ്ത്രീ സമൂഹത്തിന് അഭിമാനത്തോടെ നടന്നുനീങ്ങാൻ സാധിക്കുന്ന സത്യത്തിന്റെ വെളിച്ചവും കൂട്ടിനുണ്ട്.
അല്ലാത്തതെന്തിനും നീർക്കുമിളകളുടെ അൽപജല്പനം മാത്രമാണ് സ്വന്തം.