വേർപാടിലും പിരിയാതെ ദമ്പതികൾ: ഭാര്യയുടെ മൃതദേഹത്തിനരികെ നാമംജപിക്കുന്നതിനിടെ ഭർത്താവും മരിച്ചു

#ന്യൂസ് ഡെസ്ക്
എൻ. ദേവദത്തൻ നമ്പൂതിരി,ഗിരിജാദേവി അന്തർജനം
എൻ. ദേവദത്തൻ നമ്പൂതിരി,ഗിരിജാദേവി അന്തർജനം

പുതുപ്പള്ളി(കോട്ടയം): ഭാര്യയുടെ മൃതദേഹത്തിനരികെ നാമംജപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഭർത്താവും മരിച്ചു. ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് ഗിരിജാദേവി അന്തർജനം (76) അന്തരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഭർത്താവ് എൻ. ദേവദത്തൻ നമ്പൂതിരിയും (എൻ.ഡി. കരിവേലി-88) മരിച്ചു. കാസർകോട് വിദ്യാനഗറിലെ മകന്റെ വീട്ടിലായിരുന്നു ഇരുവരും. അസുഖബാധിതയായിരുന്ന ഗിരിജാദേവി തിങ്കളാഴ്ച അർധരാത്രിയാണ് മരിച്ചത്. ഭർത്താവിനെ അറിയിച്ചത് ചൊവ്വാഴ്ച രാവിലെയായിരുന്നു.

ഭാര്യയുടെ മൃതദേഹത്തിനരികിൽ നാമജപവുമായിരുന്ന ദേവദത്തൻ നമ്പൂതിരി തളർന്നുവീഴുകയായിരുന്നു. ഉടൻ കാസർകോട്ടെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രസിദ്ധ പാഠക കലാകാരനും ദേവജ്ഞനും ദേവീഭാഗവത, സപ്താഹയജ്ഞ ആചാര്യനുമായിരുന്നു എൻ.ഡി. കരിവേലി. മകൻ: സതീഷ് ഡി.കരിവേലി (ഹയർ സെക്കൻഡറി അധ്യാപകൻ കാസർകോട്). മരുമകൾ: പ്രൊഫ. രോഹിണി കെ.പോറ്റി (അസി. പ്രൊഫസർ, ഗവ. കോളേജ്, കാസർകോട്). ഇരുവരുടെയും മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ പുതുപ്പള്ളി ഇരവിനല്ലൂരിലെ വീട്ടിലെത്തിച്ച് സംസ്കാരം നടത്തി.