വീട്ടിലെ പ്രസവം; മരണകാരണം രക്തസ്രാവം നിയന്ത്രിക്കാൻ വൈദ്യസഹായം ലഭിക്കാത്തത്, അന്വേഷണം സിഐക്ക്

സിറാജുദ്ദീന്‍, അസ്മ
സിറാജുദ്ദീന്‍, അസ്മ

പെരുമ്പാവൂര്‍: വീട്ടിലെ പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയാത്തതാണ് അസ്മ (35) യുടെ മരണത്തിന് ഇടയാക്കിയതെന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യഥാസമയം വൈദ്യസഹായം ലഭിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ മരണം സംഭവിക്കുമായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മലപ്പുറത്ത് വീട്ടില്‍ ശനിയാഴ്ച വൈകീട്ട് ആറിന് പ്രസവിച്ച യുവതി രക്തസ്രാവത്തെ തുടര്‍ന്ന് ബോധരഹിതയായി. രാത്രി ഒന്‍പതുമണിയോടെ മരിക്കുകയും ചെയ്തു.

സംഭവത്തില്‍ ഞായറാഴ്ച രാത്രിതന്നെ ഭര്‍ത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ് പെരുമ്പാവൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തെ വീട്ടില്‍നിന്ന് സമീപവാസികളെയോ പോലീസിനെയോ അറിയിക്കാതെ സിറാജുദ്ദീന്‍ മൃതദേഹം പെരുമ്പാവൂരിലെ അസ്മയുടെ വീട്ടിലേക്ക് ഞായറാഴ്ച രാവിലെ കൊണ്ടുവരുകയായിരുന്നു. പ്രസവ സമയത്തുള്ള രക്തംപോലും മാറ്റാതെ കൊണ്ടുവന്ന മൃതദേഹം കണ്ട് സംശയം തോന്നിയ അസ്മയുടെ ബന്ധുക്കളാണ് പോലീസില്‍ വിവരം അറിയിച്ചത്.

പോലീസ് സ്ഥലത്തെത്തി മൃതദേഹം ആദ്യം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് മൃതദേഹ പരിശോധനയ്ക്കായി എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലേക്കും മാറ്റി. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ അറയ്ക്കപ്പടി മോട്ടി കോളനിയിലെ വീട്ടിലെത്തിച്ച മൃതദേഹം അധികം താമസിയാതെ എടത്താക്കര ജുമാ മസ്ജിദ് കബര്‍സ്താനില്‍ കബറടക്കി.

നവജാത ശിശു എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സിറാജുദ്ദീനും ആലപ്പുഴയിലെ സിറാജുദ്ദീന്റെ വീട്ടിലുള്ള മറ്റു നാലു മക്കളും കബറടക്കത്തില്‍ പങ്കെടുത്തില്ല. കേസില്‍ മലപ്പുറം പോലീസ് തുടരന്വേഷണം നടത്തും.

കേസ് മലപ്പുറം സിഐ അന്വേഷിക്കും, ആരോഗ്യവകുപ്പ് എസ്പിക്ക് പരാതിനല്‍കി

മലപ്പുറം: വീട്ടില്‍ പ്രസവിച്ചതിനെത്തുടര്‍ന്ന് യുവതി രക്തസ്രാവംമൂലം മരിച്ച സംഭവം മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ പി.വിഷ്ണു അന്വേഷിക്കും. ഇതിന്റെ ഭാഗമായി യുവതിയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ് കസ്റ്റഡിയില്‍ വാങ്ങി. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തും.

സിറാജുദ്ദീന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പോലീസ് അന്വേഷിക്കും. പല സ്ഥലങ്ങളില്‍ താമസിച്ച് ഇയാള്‍ മന്ത്രവാദവും മറ്റും ചെയ്തതായി പറയുന്നുണ്ട്. ഇയാള്‍ക്കെതിരേ മറ്റെവിടെയെങ്കിലും കേസുകളുണ്ടോയെന്നും അന്വേഷിക്കും. ചട്ടിപ്പറമ്പില്‍ രഹസ്യപ്രസവത്തിന് സൗകര്യംചെയ്തുകൊടുത്തവരെയും സിറാജുദ്ദീന്റെ കൂട്ടുകാരെയും ചോദ്യംചെയ്യും.

ശനിയാഴ്ച അര്‍ധരാത്രിയാണ് പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശിനി കൊപ്പറമ്പില്‍ അസ്മ (35) മലപ്പുറം ചട്ടിപ്പറമ്പിലെ താമസസ്ഥലത്ത് മരിച്ചത്. അഞ്ചാമത്തെ പ്രസവം വീട്ടില്‍ നടത്തിയതിനു ശേഷമുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്നായിരുന്നു മരണം. ആത്മീയചികിത്സകനും മതപ്രഭാഷകനുമായ ഭര്‍ത്താവ് സിറാജുദ്ദീനാണ് ആശുപത്രിയില്‍ കൊണ്ടുപോകാതെ അസ്മയ്ക്ക് വീട്ടില്‍ പ്രസവിക്കാന്‍ സാഹചര്യമൊരുക്കിയത്. ഇതിനായി ഒരു വയറ്റാട്ടിയേയും ഏര്‍പ്പാടാക്കിയിരുന്നു.

ശനിയാഴ്ച രാത്രി നാട്ടുകാര്‍ അറിയാതെ അസ്മയുടെ മൃതദേഹം പായയില്‍ പൊതിഞ്ഞാണ് പെരുമ്പാവൂരിലേക്കു കൊണ്ടുപോയത്. വീട്ടുകാരേയും അറിയിച്ചിരുന്നില്ല. സംഭവത്തില്‍ വിശദമായ അന്വേഷണമാവശ്യപ്പെട്ട് ഡിഎംഒ ഡോ. ആര്‍. രേണുക ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. യുവതിയുടെ മരണത്തെത്തുടര്‍ന്ന് ജില്ലയില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന ബോധവത്കരണപരിപാടി നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇത്തരം സംഘങ്ങള്‍ വീടുകളില്‍ പ്രസവം നടത്തുന്ന മേഖലകള്‍ കേന്ദ്രീകരിച്ചാണ് ബോധവത്കരണം നടത്തുക.

Content Highlights: Postmortem reveals death due to postpartum hemorrhage after home delivery. Husband arrested for conc