വീട്ടിലെ പ്രസവം കുഞ്ഞിനോടുള്ള ക്രൂരത; വില്ലനായി 'മറിയം പൂവ്' എന്ന അന്ധവിശ്വാസവും

#വിമല്‍ കോട്ടയ്ക്കല്‍
മറിയം പൂവ്, വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് മരിച്ച അസ്മ | Photo: special arrangement
മറിയം പൂവ്, വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് മരിച്ച അസ്മ | Photo: special arrangement

മലപ്പുറം: വൈകീട്ട് ആറിനാണ് ചട്ടിപ്പറമ്പിലെ വീട്ടില്‍ അസ്മ പ്രസവിച്ചത്. രക്തപ്രവാഹം നിലയ്ക്കാതെ മൂന്നുമണിക്കൂറോളം മരണവേദനയനുഭവിച്ചശേഷം ഒന്‍പതുമണിയോടെ മരിച്ചു. അടുത്തദിവസം ഏഴുമണിയോടെയാണ് മൃതദേഹവും നവജാതശിശുവും പെരുമ്പാവൂരിലെ വീട്ടിലെത്തുന്നത്.

ചോരയില്‍ കുളിച്ചെത്തിയ കുഞ്ഞിനെ നേരേ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റുകയും ചെയ്തു. പത്തുമണിക്കൂറിലേറെ സമയം ആ ചോരക്കുഞ്ഞ് ഒരിറ്റു മുലപ്പാല്‍പോലും നുണയാനാകാതെ, പരിചരണങ്ങളില്ലാതെ, ദേഹത്തെ ചോരപോലും തുടയ്ക്കാതെ, നാലുമണിക്കൂറോളം യാത്രയും ചെയ്ത് നേരേ അത്യാഹിതവിഭാഗത്തിലെ കിടക്കയിലേക്ക്. 

ആ കുഞ്ഞിനോടു കാണിച്ച ക്രൂരത ആരെങ്കിലും ചര്‍ച്ചചെയതോ? മുലപ്പാല്‍ ഒരു കുഞ്ഞിന്റ ജന്മാവകാശമായിരിക്കെ ആരാണ് ഈ കുഞ്ഞിനു വേണ്ടി സംസാരിക്കേണ്ടത്? ഇത്തരം സാഹചര്യങ്ങളില്‍ കുഞ്ഞിന് ഗ്ലൂക്കോസ് കുറഞ്ഞ് ഹൈപ്പോ ഗ്ലൈസീമിയ എന്ന അവസ്ഥയുണ്ടാകാമെന്ന് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് കെ.ടി. റഹ്‌മത്തുന്നീസ പറയുന്നു.

ഇത് അപസ്മാരം പോലുള്ള അവ സ്ഥയിലേക്കു നയിക്കാം. ഭാവിയില്‍ ആരോഗ്യമുള്ള വ്യക്തിയായി വളരേണ്ട കുഞ്ഞിന് രാജ്യം നല്‍കുന്ന ഒരു സംരക്ഷണവും പരിചരണവും ലഭിക്കുന്നില്ല എന്നതാണ് വീട്ടുപ്രസവത്തിന്റ പ്രശ്നം.

മറിയം പൂവിന്റെ മറിമായങ്ങള്‍

വടക്കേ ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും കണ്ടുവരുന്ന ഈ മരുഭൂമി സസ്യത്തെ ചിലയിടങ്ങളില്‍ 'സഫാദ് മറിയം' എന്നും 'കാഫ് മറിയം' എന്നും വിളിക്കും. നമ്മുടെ നാട്ടില്‍ 'മറിയംപൂവ്' എന്നാണ് വിളിക്കുക. ഇതിന്റെ ശരിക്കുള്ള പേര് 'ജെറിക്കോ റോസ്' എന്നാണ്. ശാസ്ത്രീയനാമം 'അനസ്മാറ്റിക്ക ഹിറോഷന്റിക്ക'. പടര്‍ന്ന ഇലകളുള്ള ഈ ചെടി ഉണങ്ങിയാല്‍ പന്തുപോലെ ചുരുളും. ഈ ചുരുള്‍ വെള്ളത്തിലിട്ടാല്‍ വീണ്ടും വിടരുകയും ചെയ്യും. ഈ പൂവിനെപ്പറ്റി കുറേ കെട്ടുകഥകളുണ്ട്.

പല അസുഖങ്ങള്‍ക്കും മരുന്നാണെന്നും സുഖപ്രസവത്തിനു സഹായിക്കുമെന്നും പ്രചരിപ്പിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്. ഒന്നിനും ശാസ്ത്രീയമായ അടിത്തറയില്ല. ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടുമില്ല. ചിലര്‍ ഇതിന്റെ ഇതളുകള്‍ വെള്ളത്തിലിട്ട് കുടിക്കാന്‍ കൊടുക്കും. ചിലര്‍ ഗര്‍ഭിണിയുടെ കട്ടിലിനുതാഴെ ഒരുപാത്രത്തിലെ വെള്ളത്തിലിട്ടുവെക്കും. വിടര്‍ന്നാല്‍ സുഖപ്രസവമാണെന്നാണു വിശ്വാസം. ഇത് സ്വാഭാവികമായും വിടരുകയും ചെയ്യും.

സുഖപ്രസവമാണെങ്കില്‍ പിന്നെ ആശുപത്രിയില്‍ പോകേണ്ടതില്ലെന്നും വീട്ടില്‍ത്തന്നെ പ്രസവിച്ചാല്‍ മതിയെന്നും വീട്ടുകാര്‍ തീരുമാനിക്കുമ്പോഴാണ് ഈ പൂവ് അപകടകാരിയായി മാറുന്നത്. ഇത്തരം സംഭവങ്ങളും ജില്ലയില്‍ നേരത്തേ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പേരില്‍ പ്രചരിക്കപ്പെടുന്ന കഥകളെല്ലാം അന്ധവിശ്വാസങ്ങളാണെന്ന് പല മതപുരോഹിതന്‍മാരും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും മറിയംപൂവ് ഒരു അദ്ഭുതപൂവായി ഇപ്പോഴും പലവീടുകളിലും വിടരുന്നു.

മറിയം പൂവിട്ടുവെച്ച വെള്ളം കൊടുക്കുന്നത് പലതവണ കണ്ടിട്ടുണ്ടെന്ന് ഡോ. റഹ്‌മത്തുന്നീസ പറയുന്നു. തന്റെ രോഗികളോട് അത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഗര്‍ഭാശയത്തെ ചുരുക്കുന്ന എന്തോ ഘടകം അതിലുണ്ട്. ഇതുപയോഗിക്കുമ്പോള്‍ കൂടുതലായി മഷിയെടുക്കുന്നതും കണ്ടിട്ടുണ്ടെന്ന് ഡോക്ടര്‍ പറയുന്നു.

Content Highlights: A tragic home delivery leads to a mother`s death and raises concerns about the baby`s well-being