പ്രതിവർഷം നിർമ്മിക്കുന്നത് 221.7 കോടി കോണ്ടം; ലോകത്തിലെ ഏറ്റവുംവലിയ ഉത്പാദകരിലൊന്നായി എച്ച്എൽഎൽ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് പ്രതിവർഷം 221.7 കോടി കോണ്ടം നിർമിക്കുന്നുവെന്ന് ഡയറക്ടർ (മാർക്കറ്റിങ്) എൻ. അജിത് കുമാർ. രാജ്യത്തുടനീളം എച്ച്എൽഎല്ലിന് എട്ട് ഫാക്ടറികളാണുള്ളതെന്നും ഇതിൽ അഞ്ചെണ്ണം ഗർഭനിരോധന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഇന്ത്യയുടെ ജനസംഖ്യാ നിയന്ത്രണത്തിൽ കേരളത്തിന്റെ പങ്കിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ കുടുംബക്ഷേമ പരിപാടികളിൽ  കേരളം മുന്നിലാണ്. ഇന്ത്യയിലെ ജനസംഖ്യ അമിതമായി വർദ്ധിക്കുമെന്ന ആശങ്കയിൽ നിന്നാണ് രാജ്യം ദേശീയ കുടുംബക്ഷേമ പരിപാടിക്ക് രൂപം നൽകിയത്. "ചെറിയ കുടുംബം സന്തുഷ്ട കുടുംബം" എന്ന കുടുംബസൂത്രണ പ്രചാരണം അക്കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് ഗർഭനിരോധന ഉറകൾ വലിയ വില നൽകി ഇറക്കുമതി ചെയ്യേണ്ട അവസ്ഥയായിരുന്നു. എന്നാൽ പിന്നീട് രാജ്യത്ത് തന്നെ ഗർഭനിരോധന ഉറകൾ നിർമ്മിക്കാൻ സർക്കാർ തീരുമാനമെടുക്കുകയായിരുന്നു. കേരളത്തിൽ ധാരാളമായി ലാറ്റെക്സ് ലഭ്യമായതുകൊണ്ട് തന്നെ ഗർഭനിരോധന ഉറ നിർമ്മാണ യൂണിറ്റ് ഇവിടെ തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. 

അങ്ങനെയാണ് 1966-ൽ തിരുവനന്തപുരത്ത് എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് (പഴയ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്) കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ സ്ഥാപിച്ചത്. ഗർഭനിരോധന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്പാദകരിൽ ഒന്നായി എച്ച്എൽഎൽ അതിവേഗം വളർന്നു.

നിലവിൽ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് പ്രതിവർഷം നിർമിക്കുന്നത് 221.7 കോടി ഗർഭനിരോധന ഉറകളാണ്. രാജ്യത്തുടനീളം എച്ച്എൽഎല്ലിന് എട്ട് ഫാക്ടറികളാണുള്ളതെന്ന് എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് ഡയറക്ടർ (മാർക്കറ്റിങ്) എൻ. അജിത് പറഞ്ഞു. ഇതിൽ അഞ്ചെണ്ണം ഗർഭനിരോധന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നവയാണ്. പേരൂർക്കടയിലെ ഫാക്ടറി പ്രതിവർഷം 124.6 കോടി ഗർഭനിരോധന ഉറകളും കനഗലയിലേത് 37 കോടി ഗർഭനിരോധന ഉറകളും 98 ലക്ഷം ഓറൽ കോൺട്രാസെപ്റ്റീവ് ഗുളികകളും (ഒസിപി) 12.5 കോടി നോൺ-സ്റ്റീറോയിഡൽ ഒസിപികളും 1.87 കോടി അടിയന്തര ഗർഭനിരോധന ഗുളികകളും ഉത്പാദിപ്പിക്കുന്നു.

കാക്കനാട് 30 കോടി പുരുഷ ഗർഭനിരോധന ഉറകളും 2.5 കോടി സ്ത്രീ ഗർഭനിരോധന ഉറകളും നിർമ്മിക്കുമ്പോൾ ഐരാപുരം പ്രതിവർഷം 27.6 കോടി ഗർഭനിരോധന ഉറകൾ കൂടി ഉത്പാദിപ്പിക്കുന്നു. ആക്കുളത്തെ ഫാക്ടറി ഗർഭനിരോധന ഉൽപ്പന്നങ്ങളായ 55 ലക്ഷം കോപ്പർ-ടികളും 25 ലക്ഷം ട്യൂബൽ റിങ്ങുകളും പ്രതിവർഷം പുറത്തിറക്കുന്നു. കഴിഞ്ഞ ലോക എയ്ഡ്‌സ് ദിനത്തിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം എച്ച്എൽഎൽ കഴിഞ്ഞ 60 വർഷത്തിനിടെ 5500 കോടിയിലധികം (55 ബില്യൺ) ഗർഭനിരോധന ഉറകളാണ് നിർമ്മിച്ച് വിതരണം ചെയ്തത്.

Content Highlights: HLL Lifecare's 60-Year Legacy