ക്രൈസ്തവരിൽ വർഗീയത സൃഷ്ടിക്കാൻ തീവ്രവാദ സംഘടനകളുടെ പിന്തുണ - മാർ ആൻഡ്രൂസ് താഴത്ത്

#ന്യൂസ് ഡെസ്‌ക്
മാര്‍ ആൻഡ്രൂസ് താഴത്ത് | Photo: mathrubhumi
മാര്‍ ആൻഡ്രൂസ് താഴത്ത് | Photo: mathrubhumi

കൊച്ചി: സംഘടിച്ച് നിൽക്കുന്ന സഭാവിഭാഗത്തെ ഭിന്നിപ്പിച്ചും വഴക്കടിപ്പിച്ചും തകർക്കാമെന്ന് ചില സംഘടനകൾ കണക്കുകൂട്ടിയിരുന്നതായി ഭാരത കത്തോലിക്ക സഭാ മെത്രാൻ സമിതി (സി.ബി.സി.ഐ.) പ്രസിഡന്റും തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്.

പോപ്പുലർ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച്, അവരുടെ പദ്ധതികളിൽ ചിലത് സിറോ മലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കുക എന്നതായിരുന്നു. ക്രിസ്ത്യാനികളുടെ ഇടയിലും തീവ്രവാദ ഗ്രൂപ്പുകളുണ്ടെന്നും ചിലർ അവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും വർഗീതയ വളർത്തുന്നതിൽ ചില രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും 'ദീപിക' യ്ക്ക് നൽകിയ അഭിമുഖത്തിൽ മാർ താഴത്ത് പറയുന്നു.

അഭിമുഖത്തിൽ പറയുന്നത്: 'ക്രൈസ്തവരിൽ വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള സംഘടനകൾക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നാണ് എന്റെ നിരീക്ഷണം. ഓരോ വർഷം കഴിയുംതോറും കേരളത്തിലടക്കം തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണ്. ജമാ അത്തെ ഇസ്ലാമി ഒരു ഭാഗത്ത്, ആർഎസ്എസ് വേറൊരു ഭാഗത്ത്. ഉദ്യോഗസ്ഥ തലത്തിലും ഭരണ തലത്തിലും ആളുകൾ കുറയുന്നതിന്റെ പ്രത്യാഘാതം സഭ നേരിടുന്നുണ്ട്. വീടുകളിൽ കുട്ടികളുടെ എണ്ണം കുറയുന്നു. ഒരുപാട് പേർക്ക് വിവാഹം നടക്കുന്നില്ല. പന്ത്രണ്ടാം ക്ലാസിൽ എത്തിയാൽ എങ്ങനെയെങ്കിലും വിദേശത്തേക്ക് പോയാൽ മതിയെന്നായി. ഈ സ്ഥിതിയുണ്ടാകാൻ രാഷ്ട്രീയ സ്ഥിതിയും കാരണമായെന്ന് അദ്ദേഹം പറയുന്നു.

Content Highlights: Archbishop Mar Andrews Thazhath reveals concerns about Hindu extremist groups allegedly attempting to create religious division within the Christian community in Kerala.