190 കി.മി മേല്‍പാലത്തിലൂടെ, 105 കി.മി തുരങ്കം; 2012-ലെ അതിവേഗ റെയില്‍ പദ്ധതിയുമായി സാമ്യം

#കെ.ആര്‍. പ്രഹ്ലാദന്‍
ഇ.ശ്രീധരൻ,പ്രതീകാത്മക ചിത്രം | ഫോട്ടോ: സി.ആർ ഗിരീഷ് കുമാർ/ മാതൃഭൂമി,facebook.com/OfficialKRail
ഇ.ശ്രീധരൻ,പ്രതീകാത്മക ചിത്രം | ഫോട്ടോ: സി.ആർ ഗിരീഷ് കുമാർ/ മാതൃഭൂമി,facebook.com/OfficialKRail

കോട്ടയം: അതിവേഗ റെയില്‍പ്പാതയില്‍ ഇ. ശ്രീധരന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കേ അദ്ദേഹം തയ്യാറാക്കിയ 2012-ലെ ഹൈസ്പീഡ് റെയില്‍ പ്രോജക്ടിന്റെ പരിഷ്‌കരിച്ച പതിപ്പാകുമോ വരിക എന്നതില്‍ ആകാംക്ഷ. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ആശയങ്ങളെ പൂര്‍ണമായും തള്ളിയിരുന്ന ശ്രീധരന്‍ പുതിയ റിപ്പോര്‍ട്ടില്‍ ശ്രദ്ധകൊടുക്കുന്നത് മേല്‍പ്പാലങ്ങള്‍ക്കും തുരങ്കങ്ങള്‍ക്കും പ്രാധാന്യമുള്ള പാതയാകും. 2012-ലെ ഹൈസ്പീഡ് പദ്ധതിയും സമാനസ്വഭാവമുള്ളതായിരുന്നു.

കെ.വി. തോമസുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം അദ്ദേഹം പറഞ്ഞത് മേല്‍പ്പാലവും തുരങ്കവും ചേര്‍ന്ന പദ്ധതിയാണ് കേരളത്തിന് പ്രായോഗികമെന്നാണ്.

ആശയം ഇങ്ങനെ

  • 2012-ലെ പദ്ധതിയില്‍ തിരുവനന്തപുരം -കണ്ണൂര്‍ റൂട്ടില്‍ മൊത്തം 430 കിലോമീറ്റര്‍വരുന്ന പദ്ധതിയില്‍ 190 കിലോമീറ്ററും മേല്‍പ്പാലത്തിലൂടെയാണ്. 105 കിലോമീറ്റര്‍ തുരങ്കം. കട്ടിങ് 109 കിലോമീറ്റര്‍. വെറും നിലത്തുകൂടി അഞ്ച് കിലോമീറ്ററും കുന്നിന്‍ ചരിവ് 21 കിലോമീറ്ററും. 29 കിലോമീറ്ററാണ് വയലിലൂടെ പോവുക. 14.4 കിലോമീറ്റര്‍ ചതുപ്പിന് മീതെ കൂടി. വയലിലൂടെ പോകുന്ന ദൂരം കുറവായതിനാല്‍ വേഗനിയന്ത്രണം പരിമിതമായ ഇടത്ത് മാത്രമേ ആവശ്യമായി വരൂ. സില്‍വര്‍ലൈനില്‍ 140 കിലോമീറ്റര്‍ പാത വയലിലൂടെയാണ്.
  • മൊത്തം 3868 നിര്‍മിതികളെ ബാധിക്കുമെന്നാണ് കണ്ടെത്തിയത്. 808 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും. 1.18 ലക്ഷം കോടി രൂപ പദ്ധതിച്ചെലവും പ്രതീക്ഷിച്ചു.
  • മേല്‍പ്പാലത്തിനായി മൊത്തം 20 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കണം; 10 മീറ്റര്‍ പാളത്തിനും ഇരുവശത്തും അഞ്ചുമീറ്റര്‍ വീതംഒഴിച്ചിടാനും. മേല്‍പ്പാലത്തിന് താഴെയുള്ള ഭൂമി കൃഷിക്ക് ഉപയോഗിക്കാം. വന്‍കെട്ടിടങ്ങള്‍ക്കും വന്‍മരങ്ങള്‍ക്കും പറ്റില്ല. ഭൂമി ലീസിനും നല്‍കാനാകും.
  • 400 മീറ്റര്‍ മുതല്‍ ഒന്‍പത് കിലോമീറ്റര്‍ വരെ ദൂരമുള്ള തുരങ്കങ്ങളാകും ഉണ്ടാവുക.
  • 300-350 കിലോമീറ്റര്‍ വേഗം.

സില്‍വര്‍ലൈന്‍ ഇങ്ങനെ

  • ചെലവ് 64000 കോടി
  • മേല്‍പ്പാലം -88 കിലോമീറ്റര്‍, കട്ട്, കവര്‍-25 കിലോമീറ്റര്‍, തുരങ്കം-12 കിലോമീറ്റര്‍, തറയിലൂടെ -293 കിലോമീറ്റര്‍. കട്ടിങ് -102 കിലോമീറ്റര്‍, പാലം-13 കിലോമീറ്റര്‍.
  • മേല്‍പ്പാലം വീതി 15 മീറ്റര്‍, കട്ട് ആന്‍ഡ് കവര്‍-25-40 മീറ്റര്‍
  • 25,000 വീടുകള്‍.
  • വേഗം 180-200 കിലോമീറ്റര്‍.
  • ചെലവ് മാറ്റം- 2012 -നെ അപേക്ഷിച്ച് സമന്റ്, കമ്പി എന്നിവയുടെ വിലയില്‍ 65 ശതമാനം വിലയേറ്റം. മെറ്റല്‍, പൊടി എന്നിവയില്‍ 50 ശതമാനം വിലവര്‍ധന. പണിക്കൂലിയും 40 ശതമാനം കൂടി.

Content Highlights: highspeed rail, metro man e sreedharan, silverline kerala, k rail