മാർത്തോമ്മൻ പള്ളി സെമിത്തേരിയിൽ യാക്കോബായ വൈദികനെ പ്രാര്‍ഥന നടത്താന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളി

കൊച്ചി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മുളന്തുരുത്തി മാർത്തോമ്മൻ പള്ളി സെമിത്തേരിയിൽ യാക്കോബായ വൈദികനെക്കൊണ്ട് പ്രാർത്ഥന നടത്തണമെന്ന ഹർജി തള്ളി ഹൈക്കോടതി. ഇരുപത് വർഷം മുമ്പ് അന്തരിച്ച തന്റെ പിതാവ് ഫാ.ഡേവിഡ് കുഴിക്കാട്ടിലിന്റെ കല്ലറയിൽ താൻ ആഗ്രഹിക്കുന്ന വൈദികനെക്കൊണ്ട് ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മകൻ പോൾ കെ ഡേവിഡ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് നഗരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
പള്ളിയുടെ നിയമാനുസൃത വികാരിയെ സമീപിച്ച് ഇക്കാര്യം ഉന്നയിക്കാമെന്ന് വ്യക്തമാക്കി കൊണ്ടാണ് പോൾ കെ ഡേവിഡിന്റെ ഹർജി ഹൈക്കോടതി തള്ളിയത്. നേരത്തെ സമാന ആവശ്യവുമായി പോൾ കെ ഡേവിഡ് എറണാകുളം ജില്ലാ കളക്ടറെ സമീപിച്ചിരുന്നെങ്കിലും കളക്ടർ വിഷയത്തിൽ ഇടപെട്ടിരുന്നില്ല. ഇതോടെയാണ് പോൾ കെ ഡേവിഡ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം ഹൈക്കോടതി വിധിയെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സ്വാഗതം ചെയ്തു. വിശ്വാസിയുടെ ആത്മീയമായ എല്ലാ ആവശ്യങ്ങളും നിറവേറ്റി നൽകാൻ ഇടവക വികാരി സന്നദ്ധനായിരുന്നു. എന്നാൽ മലങ്കരസഭയുടെ പള്ളികൾക്ക് നിയമാനുസൃത വികാരിമാർ ഉള്ളപ്പോൾ പുറമേ നിന്ന് വൈദികരെ എത്തിക്കുവാൻ ശ്രമിക്കുന്നത് സമാധാന അന്തരീക്ഷം തകർക്കുവാൻ മാത്രമേ ഉപകരിക്കൂകയുള്ളൂ. സമാന്തരഭരണത്തിന് അന്ത്യംകുറിച്ച സുപ്രീംകോടതി ഉത്തരവിനെ അരക്കിട്ടുറപ്പിക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും സഭയുടെ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ പ്രതികരിച്ചു.
Content Highlights: high court rejects plea, to allow Jacobite Priest to conduct prayers at marthoma church cemetery