പഞ്ചനക്ഷത്ര ഹോട്ടലുകളുടെ പ്രവർത്തനസമയം നിയന്ത്രിക്കാൻ പോലീസിന് അധികാരമില്ല -ഹൈക്കോടതി

കൊച്ചി: അർധരാത്രികഴിഞ്ഞുനീളുന്ന ഡി.ജെ. പാർട്ടികൾ ക്രമസമാധാനപ്രശ്നങ്ങൾക്കിടയാക്കുന്നുവെന്ന പേരിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകളുടെ പ്രവർത്തനസമയത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ പോലീസിനാകില്ലെന്ന് ഹൈക്കോടതി. വിദേശ മദ്യ ചട്ടപ്രകാരം അധികഫീസായ അഞ്ചുലക്ഷം രൂപ അടച്ച് പുലർച്ചെ മൂന്നുവരെ പ്രവർത്തനാനുമതി നേടിയവയുടെ സമയം വെട്ടിക്കുറയ്ക്കാൻ പോലീസിന് അധികാരമില്ലെന്ന് ജസ്റ്റിസ് മുരളി പുരുഷോത്തമൻ വ്യക്തമാക്കി.
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകളുടെ പ്രവർത്തനം രാത്രി 12 വരെയാക്കി നിജപ്പെടുത്തണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ നോട്ടീസുകൾ കോടതി റദ്ദാക്കി. ഡി.ജെ. പാർട്ടികൾ 11-നുശേഷം നടത്തരുതെന്നും നിർദേശിച്ചിരുന്നു. രാത്രി 11-ന് ശേഷമാണ് ഡി.ജെ. പാർട്ടികൾ പ്രശ്നമായി മാറുന്നതെന്ന പോലീസിന്റെ വാദവും കോടതി തള്ളി. ലഹരി ഉപയോഗമടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുന്നതിനുപകരം ബാറുകളുടെ പ്രവർത്തനസമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതുപോലെയാണെന്നും കോടതി പറഞ്ഞു.
വിലക്കേർപ്പെടുത്തിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി എളംകുളം റാഡിസൺ ബ്ലൂ ഹോട്ടൽ ലൈസൻസി ഉദയംപേരൂർ സ്വദേശി മഹാദേവൻ സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.
അതേസമയം, രാത്രികാല ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച് ഡി.ജെ. സംഗീതം നടത്തിയാൽ കേരള പോലീസ് നിയമത്തിലെ 77-ാം വകുപ്പും ശബ്ദമലിനീകരണ വിരുദ്ധ നിയമങ്ങളും അനുസരിച്ച് തടയാനും നിയന്ത്രിക്കാനും പോലീസിന് അധികാരമുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
2026 -27 സാമ്പത്തികവർഷത്തിലേക്ക് അധിക ഫീസടച്ച പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ഡ്രൈ ഡേ ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ചെ മൂന്നുവരെ പ്രവർത്തിക്കാം. ഇതിൽ നിയന്ത്രണം ഏർപ്പെടുത്തണമെങ്കിൽ ചട്ടത്തിൽ സർക്കാർ മാറ്റംവരുത്തണം. കേരള പോലീസ് നിയമം വകുപ്പ് 79 പ്രകാരം പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്ക് 15 ദിവസത്തെ കാലാവധി മാത്രമേയുള്ളൂവെന്നും കോടതി ഓർമ്മിപ്പിച്ചു.
Content Highlights: High court Kerala states police cannot limit hotel bar hours, dismissing notices restricting operations to midnight due to DJ party concerns.