അനധികൃത സ്വത്ത്; അജിത്കുമാറിനെതിരേ തുടരന്വേഷണമില്ല, മുഖ്യമന്ത്രിക്കെതിരായ പരാമർശം നീക്കി ഹൈക്കോടതി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരായ വിജിലന്‍സ് കോടതിയുടെ ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കി ഹൈക്കോടതി. പരാമര്‍ശങ്ങള്‍ അനുചിതമാണെന്ന് കോടതി നിരീക്ഷിച്ചു. അജിത്കുമാറിനെതിരേ സര്‍ക്കാര്‍ അനുമതിയില്ലാതെ വിജിലന്‍സ് അന്വേഷണം സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. ക്ലീന്‍ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് കോടതി റദ്ദാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദംകേട്ടശേഷമാണ് കോടതി മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കിയത്. ആ പരാമര്‍ശം അനുചിതമാണെന്നും അത് നീക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തുകയായിരുന്നു. ഇതോടെ ഈ പരാമര്‍ശം അനവസരത്തിലുള്ളതാണെന്ന് കോടതി വ്യക്തമാക്കി.
ക്ലീന്‍ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി വിധിക്കെതിരേ എംആര്‍ അജിത്കുമാറും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നാണ് അജിത്കുമാറിന്റെ വാദം. ആ ഹര്‍ജി ഹൈക്കോടതി ഭാഗികമായി അംഗീകരിച്ചു. വിജിലന്‍സ് അന്വേഷണത്തിലേക്ക് പോകണമെങ്കില്‍ അതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. അതിനാല്‍ എംആര്‍ അജിത്കുമാറിനെതിരേ വിജിലന്‍സിന്റെ തുടര്‍ന്നുള്ള അന്വേഷണം ആവശ്യമെങ്കില്‍ അതിന് സര്‍ക്കാരിന്റെ അനുമതി വേണം-കോടതി പറഞ്ഞു.
Content Highlights: High Court Exonerates CM Office: Vigilance Court Observations Against Chief Minister Removed