ബി. ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശം: എന്ത് നടപടി എടുത്തെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

#ന്യൂസ് ഡെസ്ക്
ബി. ഗോപാലകൃഷ്ണൻ | ഫോട്ടോ: റിദിൻ ദാമു
ബി. ഗോപാലകൃഷ്ണൻ | ഫോട്ടോ: റിദിൻ ദാമു

കൊച്ചി: തിരഞ്ഞെടുപ്പിൽ മതസ്പർധ വളർത്തുന്ന പരാമർശങ്ങൾ നടത്തുന്നതിനെതിരേ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി. ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരായ ഹർജിയിലാണ് കോടതിയുടെ ചോദ്യം. പരാതികളിൽ തുടർ നടപടികൾ ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നു എന്നതിന്റെ പേരിൽ മറ്റെല്ലാ നടപടികളും ഇല്ലാതാകുന്നുണ്ടോയെന്നും കൃത്യമായ നിയമപരിപാലനം നടക്കാതെപോകുന്നുണ്ടോയെന്നും കോടതി ചോദിച്ചു. വിവാദ പരാമർശമുണ്ടായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽനിന്ന് നീക്കംചെയ്തതായും കേസെടുത്തതായും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ള പരാതികളിൽ രണ്ടുമാസത്തിനകം തീർപ്പുണ്ടാക്കാൻ കമ്മീഷനോട് കോടതി നിർദേശിച്ചു. തിരഞ്ഞെടുപ്പ് ഘട്ടമായതുകൊണ്ട് വീഷയത്തിൽ കൂടുതൽ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നില്ലെന്നും കോടതി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലായിരുന്നു ബി. ഗോപാലകൃഷ്ണൻ വർഗീയ പരാമർശങ്ങൾ നടത്തിയത്. ഗുരുവായൂരിൽ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്-വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു ഹിന്ദു എംഎൽഎ തന്നെ വേണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.

മതം, ജാതി എന്നിവയുടെ പേരിൽ വോട്ട് ചോദിക്കുന്നതോ വിഭാഗീയത ഉണ്ടാക്കുന്നതോ ആയ പ്രസ്താവനകൾ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനത്തിന്റെ പരിധിയിൽ വരുമെന്നിരിക്കേ ആണ് വിഷയത്തിൽ പരാതി ഉയർന്നത്. തുടർന്ന് കമ്മീഷന്റെ നിർദേശപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Content Highlights: Kerala High Court demands action report on B. Gopalakrishnan's communal comments., Election Commission confirms social media video removal and police case registration., Court orders resolution of pending complaints within two months., Concerns raised regarding strict enforcement of Model Code of Conduct.