ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

#ന്യൂസ് ഡെസ്ക്
രാഹുൽ മാങ്കൂട്ടത്തിൽ | Image credit: @rahulbrmamkootathil FB
രാഹുൽ മാങ്കൂട്ടത്തിൽ | Image credit: @rahulbrmamkootathil FB

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. ആദ്യ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കർശന ഉപാധികളോടെയാണ് ഹൈക്കോടതി സിംഗിൾബെഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

യുവതിയെ മാനസികമായി തളർത്തി, ലൈംഗികമായി ദുരുപയോഗം ചെയ്തു തുടങ്ങിയ വാദങ്ങൾ ഉയർത്തി രാഹുലിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു രാഹുലിന്റെ പ്രധാനവാദം. മാത്രമല്ല, വിവാഹവാഗ്ദാനം നൽകിയുള്ള പീഡനം എന്ന ആരോപണം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.

സാക്ഷികളെ സ്വാധീനിക്കരുത്, ഫോൺ ഹാജരാക്കണം, ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.

ആദ്യ ബലാത്സംഗ പരാതിക്ക് പിന്നാലെ മറ്റ് രണ്ട് പരാതികൾ കൂടി രാഹുലിനെതിരേ വന്നിരുന്നു. ബെംഗളൂരുവിൽനിന്ന് ഒരു യുവതി കെപിസിസി അധ്യക്ഷന് മെയിൽ മുഖാന്തരം പരാതി അയക്കുകയായിരുന്നു. ഈ പരാതി പോലീസിന് കൈമാറുകയും അതിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. നിലവിൽ വിദേശത്തുള്ള പത്തനംതിട്ട സ്വദേശിനിയാണ് മൂന്നാമത്തെ പരാതി നൽകിയത്. ഈ പരാതിയെ തുടർന്നാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

Content Highlights: high court allows anticipatory bail to rahul mamkoottathil in first rape case