ഹെപ്പറ്റൈറ്റിസ് എ നിയന്ത്രണവിധേയം- മന്ത്രി; 'സംസ്ഥാനം പകർച്ചവ്യാധിവ്യാപനത്തിന് ഏറെ സാധ്യതയുള്ളയിടം'

തിരുവനന്തപുരം: വര്‍ഷത്തില്‍ ഏത് സമയവും പെയ്യാവുന്ന മഴ, കാലാവസ്ഥയിലെ പ്രത്യേകതകള്‍, ഉയര്‍ന്ന ജനസാന്ദ്രത, പരിസ്ഥിതിയിലെ വനമേഖലയിലെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങള്‍ എല്ലാം തന്നെ സംസ്ഥാനത്തെ പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന് ഉയര്‍ന്ന സാധ്യതയുള്ളയിടമാക്കി അടയാളപ്പെടുത്തുന്നവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
വൈറല്‍ ഹെപ്പറ്റൈറ്റിസ് എ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശക്തമായ ബോധവത്കരണം നടത്തുകയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തുകയും ചെയ്‌തെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക വൈദ്യസംഘങ്ങളെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായി നിയോഗിക്കുകയും ചെയ്തു. പ്ലാസ്മ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് എസ്.ഒ.പി. പുറത്തിറക്കി. ശാസ്ത്രീയമായ ഇടപെടലിന്റെ ഭാഗമായി രോഗം റിപ്പോര്‍ട്ട് ചെയ്തയിടങ്ങളിലെല്ലാം സ്ഥിതി പൂര്‍ണമായും നിയന്ത്രണവിധേയമാണ്. ഏറ്റവും ഒടുവില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം ജില്ലയിലെ മൂന്നിയൂരില്‍ ഇപ്പോള്‍ ആരുതന്നെ ഐ.പി. അഡ്മിഷനില്‍ ഇല്ലെന്നും മന്ത്രി അറിയിച്ചു.
പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിനും വ്യാപനം തടയുന്നതിനുമായി ഓരോ വര്‍ഷവും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ജാഗ്രതാപ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. മഞ്ഞപ്പിത്തം അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ കാരണം സംസ്ഥാനത്ത് മരണങ്ങള്‍ വര്‍ധിക്കുന്നതായി പറയപ്പെടുന്ന സാഹചര്യം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിന് പിന്നാലെ മറുപടി പറയുകയായിരുന്നു അവര്‍.
2024-ലെ ജാഗ്രതാപ്രവര്‍ത്തനങ്ങള്‍ 2023 അവസാനം തന്നെ തീരുമാനിക്കപ്പെടുകയും ജാഗ്രതാ കലണ്ടര്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ആരംഭിക്കുകയും ചെയ്തു. എല്ലാ മാസവും മന്ത്രിതലത്തില്‍ സംസ്ഥാനത്തെ പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും അവലോകനം ചെയ്യാറുമുണ്ട്. മഴക്കാല രോഗ പ്രതിരോധത്തിന് മേയ്മാസത്തില്‍ ആരോഗ്യവകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന് രൂപം നല്‍കിയിരുന്നു. കൂടാതെ തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ ക്ലീനിങ് ഡ്രൈവുകളും നടത്തിയിട്ടുണ്ട്. മേയ്മാസത്തെ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജൂണില്‍ എലിപ്പനിക്കേസുകള്‍ ഉയരാന്‍ സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ കൃത്യമായ പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ ആ സാധ്യത തടയാന്‍ കഴിഞ്ഞു, മന്ത്രി പറഞ്ഞു.
Content Highlights: hepatitis a infection under contro says minister veena george