സർക്കാരിന് അഭിനന്ദനങ്ങൾ; വേട്ടക്കാരുടെ പേരുകൾ പുറത്തുവരേണ്ടതുണ്ട്- ബൃന്ദാ കാരാട്ട്

ബൃന്ദാ കാരാട്ട് | Photo: PTI
ബൃന്ദാ കാരാട്ട് | Photo: PTI

ന്യൂഡല്‍ഹി: സിനിമാമേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അം​ഗം ബൃന്ദാ കാരാട്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റിപ്പോർട്ടിലുള്ളത്. വേട്ടക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ബൃന്ദ കാരാട്ട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

നിയമപ്രകാരം പരാതി നൽകിയിട്ടുള്ള സ്ത്രീകളുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ, വേട്ടക്കാരുടെ കാര്യം അങ്ങനെയല്ല. അവരുടെ പേരുകൾ പൊതുസമൂഹത്തിന് മുമ്പിൽ പുറത്തുകൊണ്ടുവരേണ്ടതാണ്. തൊഴിലിടങ്ങളിലെ ലൈം​ഗികാതിക്രമങ്ങൾക്കെതിരേ ഇവിടെ നിയമമുണ്ട്. എന്നാൽ, ഈ നിയമം ഇവിടെ ബാധകമായിരിക്കില്ലെന്നാണ് കമ്മിറ്റി വ്യക്തമാക്കിയത്. പ്രത്യേക നിയമം ആവശ്യമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. 

ആത്മവിശ്വാസത്തോടെ സ്ത്രീകൾക്ക് പുറത്തുവന്ന് സംസാരിക്കാനാകുന്ന ഒരു സാഹചര്യം നാട്ടിൽ ഉണ്ടാകേണ്ടതുണ്ട്. എന്നാൽ, തുറന്ന് സംസാരിക്കുന്നതിൽ നിന്ന് പല കാരണങ്ങളും അവരെ വിലക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഒരുപാട് പ്രശ്നങ്ങൾ ചർച്ചചെയ്യേണ്ടതുണ്ട്. ഇന്ത്യയിലാദ്യമായി സിനിമാമേഖലയിലെ വിഷയങ്ങൾ പഠിക്കുന്നതിന് ഇത്തരമൊരു കമ്മിഷനെ നിയോ​ഗിച്ച സർക്കാരിനെ അഭിനന്ദിക്കുന്നു. ഈ നടപടി സിനിമാമേഖലയിലെ സ്ത്രീകൾക്ക് പൊതുചർച്ചകളിൽ സംസാരിക്കുന്നതിന് ആത്മവിശ്വാസം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlights: Hema Commiitte Report, Government action is exemplary says brinda karat