സംസ്ഥാനത്ത് പലയിടത്തായി വേനൽമഴയും കനത്ത കാറ്റും; മരങ്ങൾ കടപുഴകി വീണു

#ന്യൂസ് ഡെസ്ക്
എറണാകുളത്ത് കനത്ത കാറ്റിൽ കടപുഴകിവീണ മരം മുറിച്ചുമാറ്റിയപ്പോൾ
എറണാകുളത്ത് കനത്ത കാറ്റിൽ കടപുഴകിവീണ മരം മുറിച്ചുമാറ്റിയപ്പോൾ

കൊച്ചി: സംസ്ഥാനത്ത് പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.  ഇടുക്കിയിൽ ദേശീയപാത 85ന്റെ പാതയോരങ്ങളിൽ മരങ്ങൾ കടപുഴകി വീണു. മഴയ്ക്കൊപ്പം ശക്തമായ ഇടിയും മിന്നലും അനുഭവപ്പെടുന്നുണ്ട്. നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്ത് ശക്തമായ മഴയാണ ലഭിച്ചത്. എറണാകുളം ജില്ലയുടെ വിവധഭാഗങ്ങളിലും കനത്ത മഴ ലഭിക്കുന്നുണ്ട്. ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു.

ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വാളറ ഭാഗത്ത് നിരവധി പ്രദേശങ്ങളിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. തൊടുപുഴ നഗരത്തിൽ മഴ അനുഭവപ്പെട്ടില്ലെങ്കിലും സമീപ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.

വയനാട്ടിലെ പൂതാടി പഞ്ചായത്തിൽ ശക്തമായ കാറ്റും മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. മൂന്ന് മണിയോടെയാണ് കനത്ത മഴ പെയ്തത്. പാപ്ലശ്ശേരി, അഴീക്കോട് നഗർ ഭാഗങ്ങളിലാണ് കനത്ത മഴ പെയ്തത്.

ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ട്.

Content Highlights: Heavy summer rains hit Kerala, causing tree falls and traffic disruptions.