കോഴിക്കോട്ട് ശക്തമായ മഴയിലും കൊടുങ്കാറ്റിലും മരംവീണ് വീട് തകർന്നു; വീട്ടുടമയ്ക്ക് പരിക്ക്

മരം വീണ് വീട് തകർന്ന നിലയിൽ
മരം വീണ് വീട് തകർന്ന നിലയിൽ

കോഴിക്കോട്: വ്യാഴാഴ്ച പുലർച്ചെയുണ്ടായ ശക്തമായ മഴയിലും കൊടുങ്കാറ്റിലും മേത്തോട്ടുതാഴം-പൂവങ്ങൽ ഭാഗത്ത് കനത്ത നാശനഷ്ടം. മരംവീണ് ഒരു വീട് തകർന്നു. പുതുശ്ശേരികണ്ടി ചന്ദ്രൻ്റെ വീടാണ് തകർന്നത്. ഓട് വീണ് ചന്ദ്രൻ്റെ കൈയ്ക്ക് പരിക്കേറ്റു.

പുലർച്ചെ 1.30 ഓടെയാണ് കൊടുങ്കാറ്റ് ഉണ്ടായത്. നിരവധി മരങ്ങൾ കടപുഴകി വീഴുകയും ഇലക്ട്രിക് കമ്പികൾ ഉൾപ്പെടെ പൊട്ടിവീഴുകയും ചെയ്തു. ഭയങ്കാവ് അപ്പാടംവീട്ടിൽ ബിനീഷിൻ്റെ നിർത്തിയിട്ടിരുന്ന കാറിന് മുകളിലും മരം വീണു.

ജില്ലയുടെ മലയോര മേഖലയിൽ കനത്ത കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്. പലയിടങ്ങളിലും മരങ്ങൾ വീഴുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. താമരശ്ശേരിയിൽ കാറിനു മുകളിലേക്കും മരം വീണു.

Content Highlights: heavy rains and storms house destroyed