ശക്തമായ മഴ: വയനാട്ടിൽ മലവെള്ളപ്പാച്ചിൽ, വീട്ടുപകരണങ്ങൾ ഒലിച്ചു പോയി, കണ്ണൂരിൽ ഉരുൾപൊട്ടി

Photo: Screengrab/ മാതൃഭൂമി ന്യൂസ്
Photo: Screengrab/ മാതൃഭൂമി ന്യൂസ്

കല്പറ്റ: വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് അമ്പുകുത്തിക്കടുത്ത് മലവെള്ളപ്പാച്ചിൽ. തോടിനടുത്തുള്ള വീടുകളിൽ വെള്ളം കയറി. എന്നാൽ മഴകുറഞ്ഞതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.

സുൽത്താൻ ബത്തേരി നഗരത്തിൽ നിന്ന് അമ്പുകുത്തിമലയുടെ താഴ്വരയിൽ പെട്ടെന്ന് മലയിൽനിന്ന് വരുന്ന തോട്ടിലൂടെ അധികം വെള്ളം ഒഴുകി വരികയായിരുന്നു. മലയിൽ ശക്തമയ മഴപെയ്തതിനെത്തുടർന്നായിരുന്നു ഇത്തരത്തിൽ വെള്ളം വന്നത്. പ്രദേശത്തെ ഒരു വീട്ടിൽ ആദ്യം വെള്ളം കയറി. വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. വീട്ടിൽ നിന്ന് വീട്ടുപകരണങ്ങൾ ഒലിച്ചു പോയതായാണ് വിവരം. മറ്റു രണ്ടു വീടുകളിൽ കൂടി വെള്ളം കയറിയിട്ടുണ്ട്. മഴ കുറഞ്ഞത് കൊണ്ട് തന്നെ നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് പഞ്ചായത്ത് മെമ്പർ പറയുന്നത്.

ശക്തമായ മഴയെത്തുടർന്ന് കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടി. നെടുംപൊയിൽ - മാനന്തവാടി റോഡിലാണ് ഉരുൾപൊട്ടിയത്. കാഞ്ഞിരപ്പുഴയിൽ വെള്ളം ശക്തിയായി ഉയരുകയാണ്. താഴെ വെള്ളറയിലും വെള്ളം കയറുന്നുണ്ട്. ഇതോടെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

തുടർച്ചയായ രണ്ടാം ദിവസമാണ് കണ്ണൂരിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ നെടുപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയിരുന്നു. മലവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ വിലങ്ങാട് പാലം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.

Content Highlights: Heavy rain in kerala -wayanad and kannur landslide