ആരോഗ്യ സർവകലാശാലയ്ക്കു കീഴിലെ കോളേജുകളിൽ രാഷ്ട്രീയത്തിന് നിയന്ത്രണം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Linkedin
പ്രതീകാത്മക ചിത്രം | Photo: Linkedin

തൃശ്ശൂർ: കേരള ആരോഗ്യസർവകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിൽ രാഷ്ട്രീയപ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ശനിയാഴ്ച കൂടിയ ഗവേണിങ്‌കൗൺസിൽ യോഗത്തിലാണ് തീരുമാനം. സ്ഥാനമൊഴിയുന്ന വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അവസാന തീരുമാനങ്ങളിലൊന്നാണിത്. ഇതനുസരിച്ച് കാമ്പസുകളിൽ പ്രകടനം നടത്തുന്നതിനോ പോസ്റ്റററുകളും ബാനറുകളും പതിക്കുന്നതിനോ യോഗം നടത്തുന്നതിനോ സ്ഥാപനമേധാവിയുടെ മുൻകൂർ അനുമതി വേണം.

രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥിസംഘടനകൾക്കും ഉത്തരവ് ബാധകമാണ്. നിയമം ലംഘിക്കുന്ന വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുന്നതിനും പുറത്താക്കുന്നതിനും സ്ഥാപനമേധാവിക്ക് അധികാരമുണ്ടായിരിക്കും.

രോഗികൾക്കും അക്കാദമിക് പ്രവർത്തനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കിയാലും നടപടിയുണ്ടാകും. കോളേജുകളിൽ കലാപരിപാടികൾ സംഘടിപ്പിക്കാനും സ്ഥാപനമേധാവിയുടെ മുൻകൂർ അനുമതി വേണം. കാമ്പസുകളിൽ പുകവലിയടക്കം എല്ലാ തരത്തിലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും നിരോധനമേർപ്പെടുത്തി.

ആയുധങ്ങൾ കൊണ്ടുവന്നാൽ കർശനനടപടിയുണ്ടാകും. കോളേജുകളിൽ പഠനാന്തരീക്ഷം മെച്ചപ്പെടുത്താനാണ് പുതിയ നടപടികളെന്ന് ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.

Content Highlights: The Kerala University of Health Sciences governing council has imposed strict curbs on campus politics in affiliated colleges, mandating prior permission from institution heads for protests, posters, and cultural events.