സർക്കാരിന് കനത്ത തിരിച്ചടി; മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട സംസ്ഥാന സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. പിരിച്ചുവിട്ട തിരുവനന്തപുരം യൂണിയൻ പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് യൂണിയൻ പിരിച്ചുവിട്ടത് എന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ. മിൽമയിലെ ഭരണ യൂണിയനുകൾ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് സർക്കാർ നടത്തിയ നീക്കങ്ങൾക്കേറ്റ വലിയ തിരിച്ചടിയായാണ് കോടതിയുടെ ഇടപെടൽ.

തിരുവനന്തപുരം, കൊച്ചി, മലബാർ എന്നീ മൂന്ന് യൂണിയനുകളാണ് മിൽമയ്ക്കുള്ളത്. ഇതിൽ കൊച്ചി യൂണിയൻ ഒഴികെ ബാക്കി രണ്ട് യൂണിയനുകളും കോൺഗ്രസ് അല്ല ഭരിക്കുന്നത്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നതിന് പിന്നാലെ, കൈവശമില്ലാത്ത മിൽമ യൂണിയനുകൾ പിടിച്ചെടുക്കുകയാണ് സർക്കാർ ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം മിൽമ യൂണിയൻ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്. ഈ നടപടിയാണ് ഇപ്പോൾ ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരിക്കുന്നത്.

അതേസമയം കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് സർക്കാരിന് വിഷയം വീണ്ടും പരിഗണിച്ച് മുന്നോട്ടു പോകാം എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നുണ്ട്. ഇതുപ്രകാരം കൃത്യമായി നോട്ടീസ് നൽകി നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് മിൽമ തിരുവനന്തപുരം യൂണിയനെതിരെ വീണ്ടും നടപടിയെടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ സർക്കാർ വീണ്ടും നോട്ടീസ് നൽകി ഇത്തരത്തിൽ തിരുവനന്തപുരം യൂണിയനെതിരെ നടപടിയുമായി മുന്നോട്ടു പോകുകയാണെങ്കിൽ, ആ നീക്കം വീണ്ടും ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

Content Highlights: In a major setback to the state government, the Kerala High Court set aside the order dissolving the Milma Thiruvananthapuram Union and directed its reinstatement for failing to follow proper procedures.