'എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് പിഴവുകൾക്ക് പരിഹാരമാവുക, നാടകമേ ഉലകം'; മന്ത്രിയെ പരിഹസിച്ച് ഹർഷിന

#ന്യൂസ് ഡെസ്ക്
വീണാ ജോർജ്,ഹര്‍ഷിന | Photo: facebook.com/veenageorgeofficial, Mathrubhumi
വീണാ ജോർജ്,ഹര്‍ഷിന | Photo: facebook.com/veenageorgeofficial, Mathrubhumi

കോഴിക്കോട്: ആരോഗ്യമന്ത്രിയെ കളിയാക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഹർഷിന. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെത്തുടർന്ന് അഞ്ചുവർഷം കഠിനവേദന അനുഭവിച്ച കെ.കെ. ഹർഷിനയാണ്, ആരോഗ്യമന്ത്രി വീണാജോർജ് ആശുപത്രിയിലായ സംഭവത്തെ കളിയാക്കികൊണ്ട് രംഗത്തെത്തിയത്.

പ്രതിഷേധക്കാരെ കണ്ട് പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോൾ കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രെച്ചറിലെടുക്കുന്നു, ഐ.സി.യു.വിലാക്കുന്നു. എം.ആർ.ഐ. സ്‌കാനിങ്ങിന് വിധേയയാക്കുന്നു. ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നു. എക്സ്ട്രാ... എക്സ്ട്രാ....എന്തൊക്കെയാ? .... എന്നു പറഞ്ഞാണ് ഫെയ്‌സ് ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

പക്ഷേ, ഒരു കത്രിക അഞ്ചല്ല, 50 വർഷം വയറ്റിൽ കിടന്നാലും ഒന്നുംസംഭവിക്കില്ലെന്നേ... വേദന പോലും ഉണ്ടാവില്ല. ചികിത്സ വേണ്ട, ഒരു പ്രശ്‌നങ്ങളുമില്ല. ചെയ്തവർക്കെതിരേ ഒരു നടപടിയും ഇല്ല. വിവിധ റിപ്പോർട്ടുകൾ തേടി, ഏറ്റവും കൂടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ അങ്ങ് പ്രഖ്യാപിച്ചേക്കാം. എല്ലാം ആയി. അത്ര ഒക്കെ മതി. നാടകമേ ഉലകം. എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് പിഴവുകൾക്ക് ഒരു പരിഹാരമാവുക? എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

Content Highlights: Medical negligence victim K.K. Harshina criticizes Health Minister Veena George., Contrasts the minister's swift treatment for a minor injury with her own years of suffering., Highlights the lack of accountability in her case involving scissors left in her abdomen., Questions the disparity in response and justice for ordinary citizens versus officials.