സ്വാഗതം 2026; പ്രതീക്ഷകളുമായി പുതുവർഷം പിറന്നു

#News Desk
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ പുതുവർഷത്തെ വരവേറ്റുകൊണ്ട് പാപ്പാഞ്ഞിയെ കത്തിച്ചപ്പോൾ | ചിത്രം: മാതൃഭൂമി
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ പുതുവർഷത്തെ വരവേറ്റുകൊണ്ട് പാപ്പാഞ്ഞിയെ കത്തിച്ചപ്പോൾ | ചിത്രം: മാതൃഭൂമി

പുതിയ പ്രതീക്ഷകളുമായി കേരളം പുതുവർഷത്തിലേക്ക് ചുവടുവെച്ചു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളെല്ലാം വലിയ ആഘോഷങ്ങളോടെയാണ് 2025-നോട് വിട പറഞ്ഞതും 2026-നെ വരവേറ്റതും. കേരളത്തിൽ പുതുവർഷപ്പിറവിയുടെ അടയാളമായ പപ്പാഞ്ഞിയെ കത്തിക്കലും ഗംഭീരമായി നടന്നു. പ്രധാനമായി ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പടുകൂറ്റൻ പപ്പാഞ്ഞിമാരെ കത്തിച്ചത്. കൂടാതെ പലയിടങ്ങളിലും ചെറുപപ്പാഞ്ഞിമാരെ കത്തിച്ചുകൊണ്ടും പുതുവർഷത്തെ വരവേറ്റു.

Don’t Miss: 'ഞങ്ങൾ അരമണിക്കൂർ മുമ്പേ പുറപ്പെട്ടു...'; പുതുവർഷത്തിനൊപ്പം ലോകം ചുറ്റിയാലോ!

ഫോർട്ട് കൊച്ചിയിൽ രണ്ട് പപ്പാഞ്ഞിമാരെയാണ് ഇത്തവണ കത്തിച്ചത്. ഗലാ ഡി. ഫോർട്ട് കൊച്ചിയുടെ നേതൃത്വത്തിൽ വെളി മൈതാനത്തെ 55 അടി ഉയരമുള്ള പപ്പാഞ്ഞി ചലച്ചിത്രതാരം ഷൈൻ നിഗമാണ് ഉദ്ഘാടനം ചെയ്തത്. കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ 50 അടി ഉയരമുള്ള പപ്പാഞ്ഞി പരേഡ് മൈതാനിയിലാണ് ഒരുക്കിയത്. കൂടാതെ നിരവധി ചെറുപപ്പാഞ്ഞികളും ഫോർട്ട് കൊച്ചിയിൽ എരിഞ്ഞമർന്നു.

തിരുവനന്തപുരം വെള്ളാറിലെ കേരളാ ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലും വമ്പൻ പപ്പാഞ്ഞിയെ കത്തിച്ചുകൊണ്ട് 2026-നെ സ്വാഗതം ചെയ്തു. 40 അടി ഉയരമാണ് ഈ പപ്പാഞ്ഞിക്കുള്ളത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി എല്ലാ നഗരങ്ങളിലും പുതുവർഷമാഘോഷിക്കാൻ വൻ ജനാവലിയാണ് ഒത്തുകൂടിയത്. കോഴിക്കോട് മാനാഞ്ചിറ മൈതാനവും ബീച്ചുമാണ് പ്രധാന ആഘോഷകേന്ദ്രങ്ങൾ. എല്ലായിടങ്ങളിലും ആഘോഷത്തിന് മാറ്റ് കൂട്ടാൻ സംഗീതപരിപാടി ഉൾപ്പെടെ ഒരുക്കിയിരുന്നു. നഗരങ്ങളിൽ വലിയ സുരക്ഷയും നിയന്ത്രണവുമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളും വലിയ ആഘോഷങ്ങളോടെയാണ് പുതുവർഷത്തെ വരവേറ്റത്.

എല്ലാ വായനക്കാർക്കും മാതൃഭൂമി ഡോട് കോമിന്റെ പുതുവത്സരാശംസകൾ

Content Highlights: Kerala welcomed 2026 with vibrant New Year celebrations marked by massive crowds, music, and traditional festivities across major cities. Iconic Pappanji burnings in Fort Kochi and Thiruvananthapuram symbolised the farewell to 2025 and the hopeful arrival of the New Year.